virat-kohli

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ക്യാപ്ടനും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് ബാറ്റിംഗ് ലൈനപ്പ് മുൻകൂട്ടി വെളിപ്പെടുത്തുകയെന്നത്. എന്നാൽ അതിനുള്ള ധൈര്യം കാണിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി. ഇന്നലെ നടന്ന സന്നാഹമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ നേടിയ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം തന്നെയാകണം കൊഹ്ലിയെ ഇതിന് പ്രേരിപ്പിച്ചിട്ടുണ്ടാകുക.

ഇംഗ്ളണ്ടിനെതിരെ ഓപ്പണറായി ഇറങ്ങിയ യുവതാരം ഇഷാൻ കിഷൻ, കെ എൽ രാഹുലിനൊപ്പം 82 റണ്ണിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് കെട്ടിപ്പടുത്തത്. രാഹുൽ 24 പന്തിൽ 51 റണ്ണും ഇഷാൻ 46 പന്തിൽ 70 റണ്ണും നേടി. എന്നാൽ ഈയാഴ്ച ആരംഭിക്കുന്ന ലോകകപ്പിൽ ഇഷാൻ കിഷൻ ഓപ്പൺ ചെയ്യില്ലെന്ന് കൊഹ്‌ലി വ്യക്തമാക്കി. ഓപ്പണറുടെ സ്ളോട്ടിലേക്ക് കൊഹ്‌ലിയുടെ പേരും കുറേയേറെ ദിവസങ്ങളായി ഉയർന്നു കേൾക്കുന്നെങ്കിലും താൻ ഓപ്പൺ ചെയ്യില്ലെന്നും ഇന്ത്യൻ ക്യാപ്ടൻ വ്യക്തമാക്കി. ഇന്ത്യയുടെ പയറ്റിത്തെളിഞ്ഞ ഓപ്പണിംഗ് സഖ്യമായ കെ എൽ രാഹുലും രോഹിത്ത് ശർമ്മയും തന്നെയാകും ലോകകപ്പിൽ ഇന്ത്യക്കു വേണ്ടി ഓപ്പൺ ചെയ്യുകയെന്നും താൻ മൂന്നാമനായി ബാറ്റിംഗിന് ഇറങ്ങുമെന്നും കൊഹ്‌ലി വെളിപ്പെടുത്തി. എന്നാൽ മറ്റ് താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്താൻ ഇന്ത്യൻ നായകൻ തയ്യാറായില്ല.

വരുന്ന ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വൈകിട്ട് 7.30നാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം. നാളെ ഓസ്ട്രേലിയക്കെതിരെ ലോകകപ്പിനു മുന്നോടിയായുള്ള തങ്ങളുടെ രണ്ടാമത്തെ സന്നാഹമത്സരത്തിൽ ഇന്ത്യ ഇറങ്ങും. വൈകിട്ട് 3.30നാണ് മത്സരം.