kerala-flood-

കൊച്ചി: സംസ്ഥാനത്ത് അടിക്കടി അതീവ്രമഴ പെയ്യിക്കുന്ന ന്യൂനമർദ്ദത്തിന് കാരണം അറബിക്കടലിന്റെ മേൽത്തട്ടിലുണ്ടായ അമിത ചൂടാണ്. കഴിഞ്ഞ നൂറു വർഷത്തിനിടെ മൺസൂൺ സീസണിൽ മാത്രമുണ്ടായിരിക്കുന്നത് ഒന്നര ഡിഗ്രി സെൽഷ്യസ് താപനില വർദ്ധന.

സാധാരണ ബംഗാൾ ഉൾക്കടലിൽ കണ്ടുവരുന്ന ഈ പ്രതിഭാസം നാലു വർഷത്തിനിടെയാണ് അറബിക്കടലിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പതിവായുണ്ടാകുന്ന പേമാരിയും വെള്ളപ്പൊക്കവും കേരളത്തിലുമുണ്ടാകാൻ ഒരുകാരണം ഇതാണ്. പസഫിക്ക് സമുദ്രത്തിലെ 'ലാനിനാ' പ്രതിഭാസവും ഇന്ത്യൻ ഓഷ്യൻ ഡൈഫോൾ (ഐ.ഒ.ഡി) പോസിറ്റീവായതും മഴയ്ക്ക് തീവ്രത കൂട്ടി. മഹാപ്രളയത്തിന് ഇടയാക്കിയ അതേ കാലാവസ്ഥയാണ് കേരളത്തിന്റെ തലയ്ക്ക് മീതെ ഇപ്പോഴുള്ളത്.

പസഫിക്കിലെ ലാനിന

പസഫിക് സമുദ്രത്തിൽ ഭൂമദ്ധ്യരേഖയോട് ചേർന്നുള്ള ഭാഗത്ത് ഉപരിതലം തണുക്കുകയും ആനുപാതികമായി അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം കടലിന് മുകളിൽ കൂടുതൽ മർദ്ദവും സമീപ ഭാഗങ്ങളിൽ കുറഞ്ഞ മർദ്ദവും രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് ലാനിന പ്രതിഭാസം. ഇത് കാറ്റിന്റെ ഗതിയെ മാറ്റും. ആഗോളതലത്തിൽ ലാനിന ചലനമുണ്ടാക്കിക്കഴിഞ്ഞു. ഇന്ത്യയിൽ കടുത്ത മഴയാണ് ലാനിനയുടെ 'സമ്മാനം'.

പോസിറ്റീവ് ഐ.ഒ.ഡി

പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെയും കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെയും ജലത്തിലെ ചൂടിൽ വ്യത്യാസമുണ്ട്. കിഴക്കൻ സമുദ്രത്തിൽ ചൂടുകൂടുകയും പടിഞ്ഞാറൻ ഭാഗത്ത് കുറയുകയും ചെയ്യുന്ന അവസ്ഥയിൽ കേരളത്തിൽ പെരുമഴയായിരിക്കും. പോസിറ്റീവ് ഐ.ഒ.ഡി എന്നാണ് ഇതിന്റെ പേര്. കേരളം നിലവിൽ പോസിറ്റീവ് ഐ.ഒ.ഡിയിലാണ് .

എം.ജെ.ഒ

പടിഞ്ഞാറു ഭാഗത്ത് നിന്ന് കിഴക്കോട്ട് കാറ്റിനെ കൂടുതലായി വലിക്കുന്ന മാഡം ജൂലിയൻ ഓസിലേഷനെന്ന (എം.ജെ.ഒ) സംവഹന പ്രക്രിയയും പെരുമഴയ്ക്ക് കാരണമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പസഫിക്കിന്റ പടിഞ്ഞാറുഭാഗത്തേക്ക് എം.ജെ.ഒ കടന്നു. പസഫിക്കിൽ അടുത്ത ദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റിന്റെ കാരണം എം.ജെ.ഒയായിരുന്നു.

ന്യൂനമർദ്ദം:

ഒന്നര മടങ്ങ് വർദ്ധിച്ചു

അതിതീവ്ര ചുഴലി:
മൂന്ന് മടങ്ങ് വർദ്ധിച്ചു

അറബിക്കലിലെ ഉപരിതല ചൂട്:
2628 ഡിഗ്രി സെൽഷ്യസ്

അറബിക്കടലും ബംഗാൾ ഉൾക്കടലും ഒരുപോലെ ചൂടാവുകയാണ്. നേരത്തെ അങ്ങനെയായിരുന്നില്ല.
ഡോ. എം.ജി. മനോജ്

കാലാവസ്ഥാശാസ്ത്രജ്ഞൻ
റഡാർ കേന്ദ്രം
കൊച്ചി സർവകലാശാല