ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ബി ജെ പി നേതാവടക്കം നാല് പേർ അറസ്റ്റിൽ. കർഷകരെ ഇടിച്ചു വീഴ്ത്തിയ എസ് യു വിയിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായത്.
പ്രതികളായ സുമിത്ത് ജയ്സ്വാൾ, ശിശുപാൽ, നന്ദൻ സിംഗ് ബിശ്ത്ത്, സത്യപ്രകാശ് ത്രിപതി എന്നിവരെ ലഖിംപൂർ ഖേരി പൊലീസും ക്രൈം ബ്രാഞ്ചിലെ സ്വാറ്റ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തതായും സത്യപ്രകാശ് ത്രിപതിയിൽ നിന്നും ലൈസൻസുള്ള റിവോൾവർ, മൂന്ന് ബുള്ളറ്റ് എന്നിവ കണ്ടെടുത്തതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ പ്രസ്താവനയിൽ അറിയിച്ചു.
കർഷകരെ ഇടിച്ചു വീഴ്ത്തിയ എസ് യു വിയിൽ നിന്നും ലോക്കൽ ബി ജെ പി നേതാവായ സുമിത്ത് ജയ്സ്വാൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. എന്നാൽ കർഷകരുടെ കല്ലേറിൽ തന്റെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും ഇക്കാരണത്താൽ അബദ്ധത്തിൽ കർഷകരെ ഇടിക്കുകയായിരുന്നുവെന്നുമാണ് സുമിത്ത് വാദിച്ചത്. ഇതിന്റെ പേരിൽ കർഷകർ തന്റെ ഡ്രൈവറെയും സുഹൃത്തിനെയും രണ്ട് ബി ജെ പി പ്രവർത്തകരെയും മർദ്ദിച്ചുവെന്നാരോപിച്ച് ഇയാൾ കർഷകപുടെ പേരിൽ എഫ് ഐ ആർ ഫയൽ ചെയ്തിരുന്നു.
ഒക്ടോബർ മൂന്നിലെ ലഖിംപൂർ ഖേരി ആക്രമണത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര സഹ മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം കർഷകർക്കിടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു . എന്നാൽ സംഭവസ്ഥലത്ത് തന്റെ മകൻ ഇല്ലായിരുന്നു എന്ന് അജയ് മിശ്ര പ്രതികരിച്ചിരുന്നു. ആശിഷ് മിശ്രയും ആരോപണങ്ങൾ തള്ളിയിരുന്നു. ആശിഷ് മിശ്രയടക്കം മൂന്ന് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.