dam

ഇടുക്കി:ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 35 സെന്റീമീറ്റർ വരെ ഉയർത്തി.ആദ്യം മൂന്നാമത്തെ ഷട്ടറാണ് ഉയർത്തിയത്. 10:50 മുതല്‍ മിനിട്ടുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. പെരിയാറിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരില്ല. മൂന്ന് വർഷത്തിന് ശേഷമാണ് അണക്കെട്ട് തുറന്നത്.

സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്ന രീതിയിലാണ് ക്രമീകരണം.പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. നാല് മണിയോടെ വെള്ളം ആലുവ, കാലടി മേഖലയിലെത്തും. 2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി.ഇത് നാലാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.

ഇതിന് മുമ്പ് മഹാപ്രളയത്തെ തുടർന്ന് 2018 ആഗസ്റ്റിലാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാം തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും ആഴ്ചകളോളം തുറന്നിരുന്നു. ചെറുതോണി പുഴ വഴി ഈ വെള്ളം എത്തുക ലോവർ പെരിയാർ ഡാമിലേക്കാണ്. ഇവിടെ നിന്ന് ഭൂതത്താൻകെട്ട് ഡാം വഴി എറണാകുളം ജില്ലയിലെത്തി ആലുവ വഴി കടലിൽ ചേരും.