നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം സിനിമാലോകവും സിനിമാപ്രേമികളും ഞെട്ടലോടെയാണ് അറിഞ്ഞത്. ഭാര്യയും നടിയുമായ മേഘ്ന രാജ് നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവിയുടെ വിയോഗം. ചിരഞ്ജീവി സർജയുടെ വേർപാടിനെ അതിജീവിക്കുന്നതിനെക്കുറിച്ചും തങ്ങളുടെ മകന്റെ വിശേഷങ്ങളുമൊക്കെ മേഘ്ന സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് മേഘ്ന. ചിരഞ്ജീവിയുടെ ജന്മദിനത്തിലാണ് ഈ വിവരം മേഘ്ന ആരാധകരെ അറിയിച്ചത്. കൂടാതെ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോൾ തരംഗമാണ്. ചുവപ്പു നിറത്തിലുള്ള പട്ടുസാരിയും സ്വർണ നിറത്തിലുള്ള മൂടുപടവും പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളുമൊക്കെ ധരിച്ചാണ് മേഘ്നയെ ഫോട്ടോയിൽ കാണാനാവുക. തന്റെ സ്വപ്നത്തിലെ പുരുഷനെ പെയിന്റ് ചെയ്യുന്ന റാണിയായാണ് മേഘ്ന പ്രത്യക്ഷപ്പെടുന്നത്. അത് മറ്റാരുടേതുമല്ല, ചിരഞ്ജീവിയുടെ ചിത്രം തന്നെയാണ്.
"കഷ്ടതയുടെ അവസാനം എപ്പോഴും വിജയമാണ്. അഗ്നിപരീക്ഷണം വലിയ കാര്യങ്ങൾ നേടുന്നതിലേക്കുള്ള പാതയാണ്, പക്ഷേ ആ പരീക്ഷണം ഒരിക്കലും എളുപ്പമല്ല. എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ, ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചീരുവാണ്. ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ. എന്റെ ജീവിതം, എന്റെ വെളിച്ചം"", എന്നാണ് മേഘ്ന കുറിച്ചത്.