smyojithakrishi

ഭൂവിസ്തൃതി കുറവായ കേരളത്തിൽ കുറഞ്ഞ സ്ഥലത്തു നിന്ന് കൂടുതൽ ഉത്പാദനം സാധ്യമാക്കാനുതകുന്ന കൃഷിരീതികൾ വളരെ അത്യാവശ്യമാണ്. ഇതിനു കൃഷി, മൃഗസംരക്ഷണം, മത്സ്യം വളർത്തൽ എന്നിവ സമന്വയിപ്പിച്ചുള്ള സംയോജിത കൃഷിയ്ക്ക് അനന്ത സാധ്യതകളാണുള്ളത്.ഒരു കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ മറ്റൊരുകൃഷിയ്ക്ക് അസംസ്‌കൃതവസ്തുവായിത്തീരുന്നു എന്നുള്ളതാണ് സംയോജിതകൃഷിയുടെ പ്രാധാന്യം.


ചൈന, ഫിലിപ്പൈൻസ്, തായ്‌ലന്റ്, ഇൻഡേനേഷ്യ, വിയറ്റ്‌നാം, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വളരെ വിജയകരമായി സംയോജിതകൃഷി പ്രാവർത്തികമാക്കി വരുന്നു. കന്നുകാലികൾ, പന്നി, ആട്, മുയൽ, കോഴി, താറാവ് മുതലായവയെ സംയോജിതകൃഷിയിൽ ഉൾപ്പെടുത്താം.കീടനാശിനികളുടെ ഉപയോഗം മൂലം മണ്ണിന്റെ ഘടന തന്നെ മാറിപ്പോകുമ്പോൾ. ചെടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന സൂക്ഷ്മജീവികൾ കീടനാശിനിയുടെ ഉപയോഗം മൂലം നശിക്കുന്നു. ഇത് പരിസ്ഥിതിയേയും മണ്ണിനേയും ബാധിക്കുന്നു. രാസവളങ്ങളും മറ്റും ഉപയോഗിക്കാതെ സംയോജിത കൃഷിയിലൂടെ പരിസ്ഥിതി സംരക്ഷണം നമുക്ക് ഉറപ്പുവരുത്താം.

smyojithakrishi

കാർഷികരംഗത്ത് ഓരോ വിളയ്ക്കും മറ്റൊന്നുമായി അഭേദ്യമായ ബന്ധമുണ്ട്. കാലിവളം കാർഷിക വിളകൾക്ക് ഉപയോഗിക്കുമ്പോൾ കാർഷിക ഉപോത്പന്നങ്ങൾ, കാലിത്തീറ്റയായി പ്രയോജനപ്പെടുന്നു. ലഭ്യമായ കൃഷിയിടങ്ങളും, ജലാശയങ്ങളും പരമാവധി പ്രയോജനപ്പെടുത്തി കാർഷികോത്പാദനം വർദ്ധിപ്പിക്കാൻ സാധിക്കും.

ഒരു കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ മറ്റൊരുകൃഷിയ്ക്ക് പ്രയോജനപ്പെടുത്തുന്നതാണ് ഉത്പാദനച്ചെലവ് കുറയാൻ കാരണം. പരസ്പരപൂരകങ്ങളായ ഇത്തരം കാർഷികവിളകളെ ഫലപ്രദമായി സമന്വയിപ്പിച്ചുകൊണ്ടാണ് സംയോജിതകൃഷി അനുവർത്തിച്ചു വരുന്നത്.

ലോക ഭക്ഷ്യകാർഷിക സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഉപയോഗശൂന്യമായ യാതൊരു വസ്തുവുമില്ല. കാർഷികാവശിഷ്ടങ്ങൾ കന്നുകാലികൾക്ക് തീറ്റയായി നൽകാം. കാലിവളം കൃഷിക്കും കുളങ്ങളിൽ മത്സ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ ജലസസ്യങ്ങളുടെ വളർച്ച ഉപകരിക്കും. അതായത് പന്നി, കോഴി, താറാവ്, ടർക്കി എന്നിവയുടെ വിസർജ്ജ്യങ്ങൾ കുളങ്ങളിലേക്ക് വിടുന്നത് മത്സ്യങ്ങൾക്ക് ആഹാരമായി ഉപയോഗിക്കാവുന്ന ജലസസ്യങ്ങളുടെ വളർച്ചയ്ക്കും സഹായിക്കുന്നു.

smyojithakrishi

കൃഷി, മൃഗപരിപാലനം, മത്സ്യം വളർത്തൽ, വനപരിപാലനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് മൃഗങ്ങളുടെ തീറ്റക്രമം, വിവിധ കാർഷിക വിളകൾ, സാമൂഹിക പ്രശ്‌നങ്ങൾ സാമ്പത്തികനേട്ടം എന്നിവയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. സംയോജിതകൃഷിയുടെ നടത്തിപ്പ്, കാലയളവ്, പൂർത്തീകരണം എന്നിവ മുൻകൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. കൃഷി, മൃഗപരിപാലനം മത്സ്യോത്പാദനം എന്നീ മേഖലകൾ ഒരുമിച്ചാലുണ്ടാകുന്ന ചേർച്ചയും ഉൾബന്ധങ്ങളും നന്നായി വിലയിരുത്തണം.

പണ്ടുമുതൽക്കേ കന്നുകാലിവളർത്തലും നെൽപ്പാടങ്ങളും മത്സ്യം വളർത്തലും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഏഷ്യൻ രാജ്യങ്ങൾക്ക് ഈ രംഗത്ത് ദശാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. കൃഷിരീതികൾ സമന്വയിപ്പിക്കമ്പോൾ ഒരു കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ/ഉപോത്പന്നങ്ങൾ മറ്റുകൃഷിക്കുള്ള അസംസ്‌കൃത വസ്തുക്കളായി മാറും. വെള്ളം, സ്ഥലലഭ്യത, തൊഴിലവസരങ്ങൾ വിസർജ്ജ്യവസ്തുക്കൾ, ഉപയോഗശൂന്യമായ അവശിഷ്ടങ്ങൾ എന്നിവ പൂർണ്ണമായു ഉപയോഗപ്പെടുത്താൻ ഇതുമൂലം സാധിക്കും. വെള്ളം കെട്ടിനിൽക്കുന്ന നെൽപ്പാടങ്ങളിൽ മത്സ്യം വളർത്തുന്നത് നെല്ലുത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും.


തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ഗ്രാമീണജനതയുടെ പോഷകാഹാരക്കമ്മി കുറയ്ക്കാനും സംയോജിതകൃഷിരീതി സഹായിക്കും.മിക്ക ആഫ്രിക്കൻ, തെക്കെ അമേരിക്കൻ രാജ്യങ്ങളും സംയോജിതകൃഷി പ്രാവർത്തികമാക്കി വരുന്നു. കൃഷിമത്സ്യം വളർത്തൽ കന്നുകാലിവളർത്തൽ മുതലായവ സ്ഥലാനുസൃതവിളകളുമായി സമന്വയിപ്പിക്കാം.

smyojithakrishi

നദികൾ, കുളങ്ങൾ, തോടുകൾ, കായലുകൾ, പാടങ്ങൾ മുതലായവ ഇതിനു പ്രയോജനപ്പെടുത്താം.

സംയോജിതകൃഷി വികസിപ്പിക്കാൻ വിവിധ സ്ഥലങ്ങളിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കിക്കൊണ്ട്, മുൻഗണനാക്രമത്തിൽ ഗവേഷണ പ്രവർത്തനങ്ങളും പദ്ധതി പ്രവർത്തനങ്ങളും അവലംബിക്കുകയും സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുകയും വേണം. കന്നുകാലികളുടെ എണ്ണം, ജനുസ്സ്, പരിമിതികൾ സാധ്യതകൾ, പരിസ്ഥിതി പ്രശ്‌നങ്ങൾ എന്നിവ ശ്രദ്ധയോടെ വിലയിരുത്തണം. ബാംഗ്ലൂരിലെ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസ് ഹെബ്ബാളിൽ നടത്തിയ പഠനങ്ങളിൽ സംയോജിതകൃഷിയിൽ നിലനിൽക്കുന്ന ഉയർന്ന സ്ത്രീപങ്കാളിത്തം ഉത്പാദനവർദ്ധനവിനെ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സംയോജിത കൃഷിയുടെ ഗുണങ്ങൾ

1. പ്രാദേശിക വിഭവങ്ങളെക്കൊണ്ട് മണ്ണ് വളക്കൂറുള്ളതും ജൈവാംശസാന്ദ്രവുമാകുന്നു.
2. വൻമരങ്ങളുടെ സാന്നിദ്ധ്യം മണ്ണൊലിപ്പ് തടയുന്നു.
3. വൻമരങ്ങളിൽ വസിക്കുന്ന പക്ഷിമൃഗാദികളുടെ അവശിഷ്ടങ്ങളും ഇലകളും ചേർന്ന് മണ്ണിൽ ജൈവ കാർബണിന്റെ അളവ് കൂട്ടുന്നു. അതായത് അന്തരീക്ഷത്തിൽ കാർബണിനെ ജൈവ കാർബണാക്കി മാറ്റുന്നു.
4. കാർബൺ ഡൈ ഓക്‌സൈഡ് എമിഷൻ കുറയ്ക്കുന്നു.
5. വിവിധതരം വിളകൾ മാറിമാറി കൃഷി ചെയ്യുന്നതിലൂടെ മണ്ണിന്റെ സ്വാഭാവികത നിലനിർത്തുന്നു.
6. ബയോ കൺട്രോളിലൂടെയുള്ള കീടനിയന്ത്രണം സാദ്ധ്യമാകുന്നു. അതായത് ഒന്ന് മറ്റൊന്നിന് വളമായും സംരക്ഷണമായും മാറുന്ന രീതിയാണ് സംയോജിത കൃഷിരീതി.
7. സ്ഥിരമായിട്ട് ഒരു വരുമാനമാർഗം കൂടിയാണ് സംയോജിത കൃഷി. അതായത് പാൽ, മുട്ട, മത്സ്യം, മാംസ്യം, പലതരം വിളകൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ.
8. കൃഷിക്ക് വേണ്ട സാമഗ്രികൾ ഒന്നും പുറത്തു നിന്നും കൊണ്ടുവരണ്ട എന്നതാണ് ഇതിന്റെ സവിശേഷത.
9. സ്വാഭാവിക ജൈവ അവശിഷ്ടങ്ങളിലൂടെയുള്ള വിളപരിപാലനം വഴി മണ്ണിൽ നടക്കുന്ന പ്രക്രിയ ധനായണ വിനിമയംഅത് വഴി ഘനലോഹങ്ങളെ തടഞ്ഞുവയ്ക്കുക വഴി ഭക്ഷ്യവിളകൾ അപകടകാരികൾ അല്ല.
10. മണ്ണിൽ ജൈവരാസ ഭൗതിക പ്രവർത്തനങ്ങൾ കൊണ്ട് സംപുഷ്ടമായതിനാൽ മണ്ണ് ഫലഭൂയിഷ്്ഠമാകുന്നു. തൻമൂലം ചെടി ആരോഗ്യമുള്ളതാകുന്നു.