വീടുമാറ്റം
...... .... ......
അയൽക്കാരന്റെ വീടുമാറ്റം
ഇന്നലെയായിരുന്നു.
പരിചരണക്കുറവിനാൽ
ഒരേകിടപ്പുകിടന്ന്,പുറംഭിത്തി
പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടെങ്കിലും
പഴയവീടുപേക്ഷിച്ചുപോകുമെന്ന്
ആരും വിചാരിച്ചിരുന്നില്ല.
വിട്ടുപോകുവാനയാൾക്കും തീരെ താല്പര്യമില്ലായിരുന്നു.
എങ്കിലും അതുപേക്ഷിക്കേണ്ടിവന്നു.
രണ്ടുവീടുകളിലൊരേനേരം
താമസിക്കുവാനാവില്ലല്ലോ.?
പുതിയവീട്ടിൽപോയാൽപ്പിന്നെ
പഴയതിലേയ്‌ക്കൊരു മടക്കവുമില്ല.
താമസമില്ലാത്തവീട് ചിതലരിക്കുവാൻ
അധികനേരമൊന്നും വേണ്ടല്ലോ.!
പഴയവീടുപേക്ഷിക്കുന്ന നേരത്താണ്
അയാൾക്ക് മനസ്സിലായത്
വേണ്ടാത്തതെന്തെല്ലാമവിടെ
സൂക്ഷിച്ചിരുന്നു എന്ന്.
അതൊന്നും പുതിയ ഇടത്തേക്ക്
കൊണ്ടുപോകാനാവില്ല.
അവയൊന്നുമവിടെ ആവശ്യവുമില്ല.
പുതിയവീട്ടിൽ
എല്ലാം പുതിയതായിരിക്കുമല്ലോവേണ്ടത്.?
ഒഴിവാക്കപ്പെടേണ്ടതെന്തെല്ലാമാണോരോ
വീട്ടിലുംകെട്ടിപ്പൊതിഞ്ഞുവെച്ചിരിക്കുന്നത്.?
മോന്തായം താണ്; ഇരുണ്ട്,
ഹോ..!
എന്തൊരിരുട്ടായിരുന്നു
പഴയവീടിനകവും പൂമുഖവും.!
ഇരുട്ടിനൊളിക്കാനിടം കൊടുത്ത്,
മെഴുക്കുപുരണ്ടയിരിപ്പിടങ്ങളിൽ
വിദ്വേഷം,പക, അസൂയ ,
കോപ,താപങ്ങൾ, ഏഷണി,
അഹന്ത, ആഭിജാത്യം...
ജംഗമവസ്തുക്കളേറെയുണ്ടായിരുന്നു
ഭക്ത്യാനുരാഗ,ദയാദിഗുണങ്ങൾ
തൊട്ടുതീണ്ടാത്തൊരാഗർഭഗൃഹത്തിൽ.
എന്നാൽ
പുതിയവീട്ടിലേയ്ക്കുള്ള മാറ്റവേളയിലാ
ഞൊടിനേരം കൊണ്ടയാളറിഞ്ഞു
ഉള്ളിലുണ്ടായിരുന്നവയൊന്നും
വിലപ്പെട്ടവയായിരുന്നില്ല ,
അതൊക്കെയുംപഴയ വീടിന്
ബലംകൊടുത്തതില്ല,
പഴയത്ക്ഷയിച്ച്
പുതിയതിലേയ്ക്കു മാറുവാൻ
ഹേതുവുമതുതന്നെ.
അയല്ക്കാരന്റെ വീടുമാറ്റം
ഇന്നലെയായിരുന്നു
പോയപ്പോൾ അയാൾ
ഒന്നും കൊണ്ടുപോയില്ല.
9495438667