ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിറുത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
സ്കൂളിൽ പഠിച്ച കാലത്ത് ഞാനുമൊരു ഗൈഡ് ആയിരുന്നു. ഇളം നീലയും കടും നീലയും നിറത്തിലുള്ള യൂണിഫോമണിഞ്ഞു ഒരു മീറ്റർ നീളത്തിലുള്ള വടിയും വിവിധ കെട്ടുകളിടാൻ കയറുമായി നടന്നിരുന്ന ഒരു ഗൈഡ്. ഞാൻ മോളുടെ സ്കൂളിലെ പ്രിൻസിപ്പാളിനെ കണ്ടപ്പോൾ ഹസ്തദാനത്തിനായി വലതുകൈനീട്ടി, അവർ ഇടതുകൈയും. സ്കൗട്സ് ആൻഡ് ഗൈഡ്സിൽ അങ്ങനെയാണ്. ഞാനവരെ അത്ഭുതത്തോടെ നോക്കി. പൂച്ചക്കണ്ണുകൾ...
''ഇത് വെള്ളാരം കല്ലല്ലേ? എവിടെന്ന് കിട്ടി?""
'' ആ കയറ് കുറുകെ കെട്ടിയ മരത്തിന് താഴെ കൊറേണ്ട്.""
സുഹാനയാണ്. അവളായിരുന്നു എന്റെ അന്നത്തെ അന്നത്തെ കൂട്ട്. ഗൈഡ്സിൽ ചേർന്നത് മുതലുള്ള എല്ലാ ക്യാമ്പുകൾക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒരു ടാസ്കിൽ നിന്നും മറ്റേ ടാസ്കിലേക്ക് ഓടി നടക്കുന്നകാലം. അന്നതൊരു ഹരമായിരുന്നു. സർക്കസുകാരെപ്പോലെ കയറിൽ കൈയും കാലും പിടിച്ചു നടക്കുന്നതും വടി കുത്തി മരത്തടിയിലൂടെ നടക്കുന്നതും കയറിൽ പിടിച്ച് തൂങ്ങിക്കയറുന്നതുമൊക്കെ. സുഹാന ഒരു മടിച്ചിയാണ്. ഒരു ടാസ്ക് കഴിഞ്ഞാൽ അവൾക്ക് പിന്നെ ഒരു പത്ത് മിനിട്ട് കഴിയണം അടുത്തത്തിലേക്ക് പോകാൻ. ചോദിച്ചാൽ നേച്ചർ സ്റ്റഡി ഈസ് ദ കീ ആക്ടിവിറ്റി ഇൻ സ്കൗട്ടിംഗ് ആൻഡ് ഗൈഡിംഗ് എന്നല്ലേ ബേഡൻ പവൽ പറഞ്ഞതെന്ന് ചോദിക്കും. അതാരാണെന്നത്ഭുതപ്പെടേണ്ട. ഈ പ്രസ്ഥാനത്തിലുള്ളവർക്ക് പരിചിതമായ ഈ മഹത് വ്യക്തി മറ്റുള്ളവർക്ക് അപരിചിതനാവുക സ്വാഭാവികം. സ്കൗട്ടിംഗിന്റെ ഉപജ്ഞാതാവ് ഇദ്ദേഹമാണ്. സുഹാനയുടെ പ്രകൃതി നിരീക്ഷണത്തിന്റെ കാരണം ഗൈഡ്സിനോടുള്ള അതിയായ സ്നേഹമല്ല, തനി മടി തന്നെയാണെന്ന് അറിയാമെങ്കിലും ഞാൻ മറുത്തൊന്നും പറയാറില്ല.
സാമ്പാറിന്റെ മണം കാറ്റിലൊഴുകി നടക്കാൻ തുടങ്ങുമ്പോഴേക്കും സുഹാന ആക്ടീവ് ആകും. പിന്നെ നീണ്ട ക്യൂവിലേക്ക്.
ഊഴമെത്തുമ്പോഴേക്കും സുഹാനയുടെ വയറ്റിൽ ചെണ്ടമേളം തുടങ്ങിയിട്ടുണ്ടാകും. സാമ്പാർ കലത്തിൽ നിന്നും വലയിട്ടു പിടിക്കുന്ന മൂത്ത മുരിങ്ങക്കായും കലങ്ങിയ വെണ്ടക്കയും കാണുമ്പോൾ തന്നെ എന്റെ പകുതി വിശപ്പു മാറിയിട്ടുണ്ടാകും.
'' സുഹാനയെവിടെ?""
'' അവൾക്ക് തലവേദന.""
''അഞ്ച് ടാസ്കെങ്കിലും പൂർത്തിയാക്കാൻ പറയണം. എന്നാലേ ക്യാമ്പ് സർട്ടിഫിക്കറ്റ് കിട്ടുള്ളൂ.""
''അത് ഇപ്പൊ കിട്ടീട്ടെന്തിനാ?"" അതാണ് സുഹാനയുടെ ഭാഷ്യം.
''ദുവായുടെ പാരന്റ് അല്ലേ? മോക്ക് ചെറിയ പനിയുണ്ട്. കാണണം ന്നു പറയുന്നുണ്ട്. വേണമെങ്കിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കോളൂ.""
ക്ലാസ് ടീച്ചറാണ്.
തൊണ്ടയിലൊരു പുകച്ചിൽ. എന്തായിരിക്കും പെട്ടെന്നൊരു പനി? മോളേം കൊണ്ട് വീട്ടിലെത്തി. നനച്ചും തുടച്ചും മരുന്നുകളുമായി അന്നങ്ങനെ കഴിഞ്ഞു. ഒരാഴ്ച കൊണ്ട് പനി മാറി മോള് വീണ്ടും സ്കൂളിൽ പോയിത്തുടങ്ങി. വെറുതേ ഇരുന്നപ്പോൾ ഗൂഗിളിൽ പോയി പഴയ പ്രതിജ്ഞയും പതാകഗാനവും തപ്പിയെടുത്തു. ബി.എസ്.ജിയുടെ സൈറ്റ്. വിവിധ കെട്ടുകൾ പഠിപ്പിക്കുന്ന വീഡിയോകൾ, ചരിത്രം, ഇന്റർനെറ്റിലൊന്നു തപ്പിനോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.
''ഇന്നത്തെ കാലത്ത് ജനിച്ചാ മതിയായിരുന്നു."" എന്റെ മനസ് മന്ത്രിച്ചു.
'' ഇപ്പോഴത്തെ കുട്ടികൾക്കെന്ത് രസാ. ടിവിടെ മുന്നീന്ന് എണീക്കണ്ട. പണ്ട് ടിവി ഉണ്ടായിരുന്നില്ലത്രേ. ഉപ്പ പറഞ്ഞതാ.""
തടിയും മടിയും മാറ്റാൻ ഉപ്പ നിർബന്ധപൂർവം ഗൈഡ്സിൽ ചേർത്ത സുഹാനയുടെ വാക്കുകൾ വിദൂരതയിൽ നിന്നൊഴുകി വന്നു.
''എനിക്കീ യൂണിഫോമിടാൻ പറ്റൂല്ലെന്ന്. ഇത് നോക്കിയേ?""
ക്രമരഹിതമായ വൃത്താകൃതിയിലുള്ള വിയർപ്പ് ചൂണ്ടിക്കാണിച്ച് സുഹാന എന്നോട് പറഞ്ഞു. എന്ത് ചെയ്യാനാണ്? യൂണിഫോമില്ലാതെ ക്യാമ്പിലിരിക്കാൻ പറ്റോ? അവൾ എല്ലാ കാര്യത്തിലും എന്റെ വിപരീതമാണ്. എന്ത് സാഹചര്യമായാലും അതിനോട് പൊരുത്തപ്പെട്ടുപോകുക എന്ന കാഴ്ചപ്പാടുള്ള എനിക്ക് അവളുടെ അഭിപ്രായങ്ങൾ മിക്കതും വിചിത്രമായിത്തോന്നിയിട്ടുണ്ട്.എന്നാലും അല്പം സീരിയസായ എനിക്ക് തമാശക്കാരിയായ സുഹാന നല്ലൊരു കൂട്ടായിരുന്നു അന്ന് വരെ.
''ഇതിനേക്കാൾ ഭേദം മുറ്റത്തുറങ്ങേർന്നു.""
വെറും തറയിൽ ബെഡ്ഷീറ്റ് വിരിച്ച് കിടക്കുമ്പോൾ അവൾ പറയും. അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന സുഹാനയെ കാണാം. ചോദിച്ചാൽ സങ്കടത്തോടെ പറയും.
''ഇന്നും ആ ഉപ്പുമാവ് പായസം കുടിക്കണ്ടേ?""
അതിൽ തോണികണക്കെ ഒഴുകി നടക്കുന്ന മൈസൂർ പഴത്തിന്റെ ചിത്രമെന്റെ ഓർമയിൽ തെളിയും. രാവിലത്തെ കെട്ടുകൾ പഠിക്കുന്ന ക്ലാസുകൾക്ക് സുഹാനയ്ക്ക് വയറുവേദന. ഉച്ചക്കത്തെ കൾച്ചറൽ പരിപാടികൾക്ക് വീണ്ടും തലവേദന. ഇതെല്ലാം സ്കൗട്ട് ഇൻസ്ട്രക്ടറെ പറഞ്ഞു ബോധിപ്പിക്കേണ്ട ചുമതല എനിക്കാണ്.
ലഞ്ച് ബോക്സും സ്നാക് ബോക്സും തയ്യാറാക്കി. കൊവിഡിനുശേഷം സ്കൂൾ റീ ഓപ്പൺ ചെയ്തപ്പോൾ സാധാരണത്തേക്കാൾ ബുദ്ധിമുട്ടാണ്. ബാഗിൽ പുസ്തകം മാത്രം പാക് ചെയ്താൽ പോര. എക്സ്ട്രാ മാസ്കും സാനിറ്റൈസറും കൂടി വയ്ക്കണം. കാറിൽ കൊണ്ടുപോയാക്കണം. വിളിച്ചുകൊണ്ടുവരണം. യൂണിഫോം ഇടീച്ചിട്ട് മുടി കെട്ടിക്കൊടുത്തപ്പോഴേക്കും സമയം പത്തുമണി. പിന്നെ മോൾടെ കൈയും പിടിച്ച് ഒരോട്ടമാണ്.
സ്കൂളിന്റെ മുന്നിലെ ഫ്ലാഗ് പോസ്റ്റ് വരെ മാത്രമേ പാരൻസിന് പ്രവേശനമുള്ളൂ.
'' ബൈ""
അവസാനം കൾച്ചറൽ പരിപാടികളും കലാശക്കൊട്ടുമാകുമ്പോൾ സുഹാന എഴുന്നേറ്റുവരും. അതുവരെ അവിടെ ഇല്ലാത്തതിന്റെ ചമ്മലൊന്നും കൂടാതെ തന്നെ പ്രാർത്ഥനാ ഗാനത്തിൽ പങ്കുചേരും.
പതാക ഉയർത്തി സല്യൂട്ട് ചെയ്തു മടങ്ങുമ്പോൾ സങ്കടത്തോടെ അവൾ പറയും.
''എന്നാലും ക്യാമ്പ് നല്ല രസമായിരുന്നു.""
ഇത്രേം നേരം ക്യാമ്പിനെക്കുറിച്ച് കുറ്റ് പറഞ്ഞ ആളാണോ ഇത് എന്ന് ഞാൻ ശങ്കിച്ച് പോകും. ആ ഗ്രൗണ്ടപ്പോൾ ജനസമുദ്രമായിരിക്കും. ഒരു ഉറുമ്പിൻകൂട്ടും. അങ്ങനെയായിരിക്കും മുകളിൽ നിന്ന് നോക്കിയാൽ തോന്നുക. ഹൃദയത്തിൽ നിന്നും വഴിതിരിഞ്ഞു പോകുന്ന രക്തം പോലെ, പല വഴികളിലേക്ക്.
ബസിൽ സുഹാനയ്ക്ക് സീറ്റി കിട്ടിയില്ല. അവളുടെ ബാഗ് എന്റെ മടിയിലായിരുന്നു. ബാഗ് തുറന്നപ്പോൾ തന്നെ വലിയൊരു കണ്ണാടി കിട്ടി. എനിക്കൊരു തമാശ തോന്നി. ഞാനതല്ലാവരേം കാണിച്ചു. കൂട്ടച്ചിരികളുയർന്നപ്പോഴാണ് സുഹാന അത് കാണുന്നത്. ഒരു കുട്ടിയിൽ നിന്നും മറ്റൊരാളിലേക്ക് കൈമാറുന്ന കണ്ണാടി. ആ പൂച്ചക്കണ്ണുകൾ നിറഞ്ഞു. ക്യാമ്പിന് ഒരുങ്ങാൻ വലിയൊരു കണ്ണാടിയുമായി വന്നെന്ന് പറഞ്ഞ് മറ്റുള്ളവർ കളിയാക്കുമെന്നു വിചാരിച്ചാണ് അവൾ സങ്കടപ്പെടുന്നത് എന്നാണ് ഞാനാദ്യം വിചാരിച്ചത്. പിന്നെയാണ് മനസിലായത്. അവളുടെ ഉമ്മയുടെ കണ്ണാടി ആണ് അതെന്ന്. ഉമ്മയുടേതെന്നു പറയുവാൻ അവൾക്കാ കണ്ണാടി മാത്രമേ ഉള്ളൂ എന്നും. പിന്നെ സുഹാന ഗൈഡ്സ് ക്ലാസുകൾക്ക് വന്നിട്ടില്ല. എസ്.എസ്.എൽ.സി റിസൽട്ട് വന്നപ്പോൾ ഗൈഡ്സിൽ ഗ്രേഡ് മാർക്ക് കിട്ടാത്തതുകൊണ്ട് അവൾക്ക് മാർക്ക് കുറവായിരുന്നു.
'' പ്രിൻസിപ്പൽ വിളിക്കുന്നു.""
കാബിനറ്റിന്റെ ഹാൾഫ് ഡോർ തുറന്നപ്പോൾ ഞാൻ ആദ്യം കണ്ടത് ആ കണ്ണാടി ആണ്.
'' സുഹാന ഐ ആം സോറി""''ഞാൻ സുഹാനേടെ സിസ്റ്രർ ആണ്. അവൾ...ബ്ലഡ് കാൻസർ ആയിരുന്നു.""
ധമനികളിലൂടെ ഒഴുകുന്ന രക്തകണങ്ങളുടെ ചലനം നഷ്ടപ്പെട്ടുപോയിരുന്നു. ആ കണ്ണാടിയിലെ എന്റെ പ്രതിബിംബം തരിച്ചുനിന്നു.