സൗന്ദര്യസംരക്ഷണത്തിൽ നഖങ്ങളും ഉൾപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണ്. കാണാൻ വൃത്തിയില്ലാത്ത നഖങ്ങൾ ഒട്ടും ആകർഷണീയമാവില്ല. നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്.
നഖങ്ങളിൽ ഉണ്ടാകുന്ന ഫംഗസ് ബാധ പലരും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ്. നഖത്തിന്റെ ഒരു ഭാഗം മാത്രമായോ മുഴുവനായോ ഒന്നിൽ കൂടുതൽ നഖങ്ങൾക്കോ അണുബാധ ഏൽക്കാം. അണുബാധയേറ്റ നഖങ്ങൾ തൊട്ടാൽ കൈകൾ നന്നായി കഴുകുക. നഖങ്ങളിൽ അണുബാധയുണ്ടായാൽ ആന്റി ഫംഗൽ സ്‌പ്രേ, പൗഡർ, ക്രീം എന്നിവ ഉപയോഗിക്കുക. സ്വയംചികിത്സകൊണ്ട് അണുബാധ മാറിയില്ലെങ്കിൽ സ്കിൻ സ്‌പെഷ്യലിസ്റ്റിനെ ഉടൻ സമീപിക്കുക. പൊതു സ്ഥലങ്ങളിൽ ചെരുപ്പിടാതെ കഴിവതും നടക്കാതിരിക്കുക. കുളി കഴിഞ്ഞ് കാലും വിരലുകളുമെല്ലാം നന്നായി ഉണക്കുക. കൂടുതൽ സമയം നനവിൽ ചെലവഴിക്കേണ്ടി വന്നാൽ റബ്ബർ ഗ്ലൗസുകൾ ഉപയോഗിക്കുക. നഖങ്ങളെ നന്നായി വെട്ടിയൊതുക്കി സൂക്ഷിക്കുക. മാനിക്യൂർ ട്രീറ്റ്‌മെന്റ് വഴി കൈപത്തിയിലെ മൃതകോശങ്ങൾ നീക്കം ചെയ്യപ്പെടുന്നു. കൂടാതെ നഖം വിണ്ടുകീറൽ, പൊട്ടിപ്പോകൽ എന്നിവയെ നിയന്ത്രിക്കുകയും ചെയ്യുന്നു. സൺപ്രൊട്ടക്ഷൻ ക്രീം കൈവിരലുകളിൽ പുരട്ടുന്നത് നല്ലതാണ്. കൃത്രിമ നഖങ്ങളും നെയിൽ പോളിഷുകളും എപ്പോഴും ഉപയോഗിക്കുന്നത് നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ അത്യാവശ്യമായ സന്ദർഭങ്ങളിൽ മാത്രം ഇവ ഉപയോഗിക്കുക.