വിമർശനങ്ങൾക്ക് മറുപടിയുമായി നടിയും മോഡലുമായ മുക്ത. സ്വകാര്യ ചാനലിലെ പരിപാടിക്കിടയിൽ മകളെക്കുറിച്ച് മുക്ത നടത്തിയ പരാമർശമാണ് വിവാദത്തിന് കാരണം. മുക്തയുടെ പരാമർശത്തെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ നിരവധി കമന്റുകൾ വന്നിരുന്നു.താരത്തിന്റെ് ഔദ്യോഗിക പേജിലും ഇത്തരം കമന്റുകൾ വ്യാപകമായതോടെയാണ് പ്രതികരണവുമായി മുക്ത രംഗത്തെത്തിയത്. അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ,ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അതു ഷെയർ ചെയ്തു സമയം കളയാതെ,ഒരുപാടു പേർ നമ്മളെ വിട്ടു പോയി, പിഞ്ചു കുഞ്ഞുങ്ങൾ അടക്കം,അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുവെന്ന് മുക്ത ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ചു.
അഞ്ചു വയസുകാരി കിയാരയ്‌ക്കൊപ്പം മുക്ത സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുക്കവെ മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നൽകിയ ഉത്തരമാണ് വിവാദമായത് 'അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിംഗ്, ക്ലീനിംഗ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നു മുക്ത മറുപടി പറഞ്ഞു. 'ഇതെന്താ ബാലവേലയാണോ' എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. 'അല്ല, പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ, ആർടിസ്‌റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മൾ വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളല്ലേ' എന്നായിരുന്നു മുക്തയുടെ മറുപടി. ഇതാണ് വിവാദമായത്.