thejas-

ന്യൂഡൽഹി : പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി 664 മില്യൺ ഡോളർ ബഡ്ജറ്റിൽ വകയിരുത്തിയ അർജന്റീന ഏറെ നാളായി വിവിധ രാജ്യങ്ങളുടെ വിമാനങ്ങൾ വാങ്ങുന്നതിനായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയിലെ ചെങ്ഡു എയർക്രാഫ്റ്റ് കോർപ്പറേഷനും (സിഎസി) പാക്കിസ്ഥാൻ എയറോനോട്ടിക്കൽ കോംപ്ലക്സും (പിഎസി) സംയുക്തമായി വികസിപ്പിച്ചെടുത്ത മൾട്ടിറോൾ കോംബാറ്റ് എയർക്രാഫ്റ്റായ ജെഎഫ് 17 തണ്ടർ അർജന്റീന സ്വന്തമാക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വിമാനങ്ങൾ വാങ്ങുന്നതിനെ കുറിച്ച് തങ്ങൾ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് അർജന്റീന വ്യക്തമാക്കിയത്. ഇപ്പോഴിതാ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കരുത്തുറ്റ തേജസ് സ്വന്തമാക്കുന്നതിനെ കുറിച്ച് അർജന്റീന ആലോചിക്കുന്നു എന്ന റിപ്പോർട്ടുകളാണ് വിദേശ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

പഴക്കമേറിയ മിറാഷ് വിമാനങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന അർജന്റീന തങ്ങളുടെ വ്യോമശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ വിമാനങ്ങൾ വാങ്ങുവാൻ തീരുമാനിച്ചത്. 1982 ലെ ഫോക്ലാൻഡ് യുദ്ധത്തിനു ശേഷം ബ്രിട്ടൻ അർജന്റീനയിൽ ആയുധ ഉപരോധം ഏർപ്പെടുത്തിയത് അർജന്റീനയുടെ വ്യോമശക്തിയെ ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് യൂറോപ്യൻ ഭൂഖണ്ഡത്തിന് പുറത്ത് നിന്നും വിമാനങ്ങൾ വാങ്ങുവാൻ അർജന്റീന ശ്രമിക്കുന്നത്. ദക്ഷിണ കൊറിയൻ എഫ്എ 50 ഫൈറ്റിംഗ് ഈഗിളിനെ സ്വന്തമാക്കുവാനാണ് ആദ്യം ലക്ഷ്യമിട്ടത്. പിന്നാലെയാണ് ചൈന പാക് കൂട്ടുകെട്ടിൽ പിറന്ന ജെഎഫ് 17നിലേക്ക് തിരിയാൻ അർജന്റീനയെ പ്രേരിപ്പിച്ചത്.

ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം തങ്ങൾക്ക് നിരവധി ഓഫറുകൾ വരുന്നതായി എയർഫോഴ്സ് മേധാവി ബ്രിഗേഡിയർ ജനറൽ സേവ്യർ ഐസക് പ്രസ്താവിച്ചു. ഓഫറുകളിൽ ചൈനീസ് ജെഎഫ് 17, റഷ്യൻ മിഗ് 35, മിഗ് 29 എന്നിവയുണ്ടെന്നും, അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഓഫറുകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുമായി ചർച്ചയിലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് അർജന്റീന ഒരുങ്ങുന്നത്. രാജ്യത്തെ വ്യോമമേഖലയുടെ നിരീക്ഷണത്തിനും നിയന്ത്രണത്തിനുമായി മൾട്ടി പർപസ് ജെറ്റ് തിരയുന്ന വ്യോമസേനയ്ക്ക് ഇന്ത്യയുടെ തേജസ് ആകർഷകമായ ഓപ്ഷനാകുമെന്ന് ഉറപ്പാണ്. ഇതോടൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ദൃഢമാവും. നേരത്തെ പന്ത്രണ്ട് ജെഎഫ് 17 വാങ്ങുവാൻ അർജന്റീന തീരുമാനിച്ചു എന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണത്തിന് ആരും തയ്യാറാവുന്നില്ല. പാകിസ്ഥാന്റെ കഞ്ഞിയിൽ പാറ്റയിട്ടത് ഇന്ത്യയുടെ തേജസാണോ എന്ന് സ്ഥിരീകരിക്കാൻ കുറച്ച് കൂടി കാക്കേണ്ടി വരും.