zomato

ചെന്നൈ: ഹിന്ദി ദേശീയ ഭാഷയാണെന്നും എല്ലാവരും അത് അറിഞ്ഞിരിക്കണമെന്നും ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്. ട്വിറ്ററിൽ പ്രതിഷേധം കനത്തതോടെ സംഭവത്തിൽ മാപ്പ് പറഞ്ഞ സൊമാറ്റോ പ്രാദേശിക ഭാഷകളെ ബഹുമാനിക്കണമെന്ന തങ്ങളുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ച ജീവനക്കാരനെ പുറത്താക്കിയെന്ന് അറിയിച്ചു. പ്രാദേശിക ഭാഷകളിലുള്ള സൊമാറ്റോ ആപ്പ് ഉടൻ പുറത്തിറങ്ങുമെന്നും കമ്പനി അറിയിച്ചു.

തമിഴ്നാട്ടിലാണ് സംഭവം. സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്ത തമിഴ്നാട് സ്വദേശിയായ വികാശ് എന്ന യുവാവിന് ഭക്ഷണം ലഭിച്ചപ്പോൾ ഒരു ഐറ്റം കുറവായിരുന്നു. തുടർന്ന് കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട വികാശിനോട് തങ്ങൾ ഹോട്ടലുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഭാഷ തടസമായി നിന്നതിനാൽ ഹോട്ടൽ ഉടമയിൽ നിന്നും റീഫണ്ട് വാങ്ങാൻ സാധിച്ചില്ലെന്ന് കസ്റ്റമർ കെയറിലെ ജീവനക്കാരൻ സൂചിപ്പിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ കൂട്ടാക്കാത്ത വികാശ്, ജീവനക്കാരന് ഭാഷ അറിയാത്തത് തന്റെ പ്രശ്നമല്ലെന്നും തമിഴ്നാട്ടിൽ പ്രവർത്തിക്കുമ്പോൾ പ്രാദേശിക ഭാഷ അറിയുന്നവരെ വേണം സൊമാറ്റോ നിയമിക്കേണ്ടിയിരുന്നതെന്നും പറഞ്ഞു. എന്നാൽ ഇതിനു മറുപടിയായി ഹിന്ദി ദേശീയ ഭാഷയാണെന്നും ഇന്ത്യക്കാരെല്ലാവരും അത് അറിഞ്ഞിരിക്കണമെന്നും ഈ അവസരത്തിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെന്നും സൊമാറ്റോ ജീവനക്കാരൻ പറഞ്ഞു.

ഈ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ വികാശ് ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. സംഭവത്തിനെതിരെ നിരവധി പേർ പ്രതികരണവുമായി എത്തിയതോടെ 'റിജക്ട് സൊമാറ്റോ' ഹാഷ്ടാഗും ട്രെൻഡിംഗായി. ഇതോടെയാണ് സൊമാറ്റോ ഇംഗ്ലീഷിലും തമിഴിലുമായുള്ള വിശദീകരണ കുറിപ്പ് ഇറക്കി തടിയൂരിയത്. ജീവനക്കാരനെ പിരിച്ചുവിട്ടെന്നും സൊമാറ്റോയുടെ തമിഴ് പതിപ്പ് ഉടൻ തന്നെ പുറത്തിറങ്ങുമെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു. മാത്രമല്ല പ്രാദേശിക ഭാഷകൾക്കു വേണ്ടിയുള്ള സൊമാറ്റോയുടെ കോൾ സെന്റർ കോയമ്പത്തൂരിൽ തുടങ്ങാനുള്ള ഒരുക്കങ്ങളും പൂർത്തിയായതായി കമ്പനി അറിയിച്ചു.

Vanakkam Vikash, we apologise for our customer care agent's behaviour. Here's our official statement on this incident. We hope you give us a chance to serve you better next time.

Pls don't #Reject_Zomato ♥️ https://t.co/P350GN7zUl pic.twitter.com/4Pv3Uvv32u

— zomato (@zomato) October 19, 2021