pak-economy-

ഇസ്ലാമാബാദ് : മൂല്യത്തകർച്ചയിൽ നിന്നും കരകയറാനാവാതെ പാക് കറൻസി. യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് പാകിസ്ഥാൻ രൂപ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റർബാങ്ക് വിപണിയിൽ ഡോളറിനെതിരെ 173 രൂപയായി പാക് കറൻസി താഴ്ന്നു. പാകിസ്ഥാൻ കറൻസിയുടെ ഇപ്പോഴത്തെ അവസ്ഥ ക്ഷണികമാണെന്നും ഉടൻ അവസാനിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞയാഴ്ച കർഷകർക്ക് വേണ്ടിയുള്ള പോർട്ടലിന്റെ ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ മേയ്മാസം മുതലാണ് പാക് കറൻസിയിൽ ഇടിവ് ആരംഭിച്ചത്. സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയുടെ ഫലമായി ഡോളറിന്റെ നിരന്തരമായ ഉയർന്ന ആവശ്യം രാജ്യത്തെ കറൻസിയുടെ മൂല്യം കുറയ്ക്കുന്നു എന്നാണ്. അതേസമയം അഫ്ഗാൻ പ്രതിസന്ധിയും പാക് കറൻസിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുകളുണ്ട്. മുൻപ് അമേരിക്ക അഫ്ഗാൻ നിയന്ത്രിച്ചിരുന്നപ്പോൾ അവിടെ ഒഴുക്കിയ ഡോളറിന്റെ നല്ലൊരു പങ്കും പാകിസ്ഥാനിലെ മാർക്കറ്റുകളിലായിരുന്നു എത്തിയിരുന്നത്.