തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് കോവളം. കോവളത്തിന് സമീപത്തായിട്ട് സ്ഥിതി ചെയ്യുന്ന അശ്വത്ഥാമാവിന്റെ ധ്യാന ഭൂമിയാണ് മുനിപ്പാറ. മുനിപ്പാറയിലെത്തി അവിടെന്ന് നൂറ് മീറ്രർ നടന്നാൽ വലിയൊരു പാറപ്പുറത്ത് പടർന്നു പന്തലിച്ച ആൽമര തണലിൽ വിശ്രമിക്കുന്ന അശ്വത്ഥാമാവിന്റെ പ്രതിഷ്ഠ കാണാനാകും. അശ്വത്ഥാമാവിന്റെ തപോവനഭൂമിയായ ഇവിടം ചെമ്പകപ്പൂക്കളാൽ അലങ്കൃതമാണ്. പാറയിൽ നിന്നു കിഴക്ക് നോക്കിയാൽ വെള്ളയാണി കായലും, പടിഞ്ഞാറ് ഭാഗത്ത് കടലും കാണാം. അധികം ആൾത്തിരക്കില്ലാത്തതിനാൽ പാറയിൽ ഇളം കാറ്രേറ്റ് വളരെയെറെ നേരം സ്വസ്ഥമായി ഇരിക്കാനാകും.
പണ്ട് വനവാസ കാലത്ത് പഞ്ചപാണ്ടവർ ഈ ഭൂമിയിലേയ്ക്ക് വന്നു എന്നും, അന്ന് അവിടെ ദാഹം തീർക്കാൻ നീരുറവ ഇല്ലാതിരുന്നതിനാൽ ഭീമൻ രണ്ട് കാലും എടുത്ത് ഉറച്ച് ചവിട്ടിയപ്പോൾ ജലാശയം രൂപപ്പെട്ടു എന്നും പറയപ്പെടുന്നു. അത്തരത്തിൽ രണ്ട് കാൽപ്പാടിന്റെ രൂപത്തിലുള്ള ഇവിടെയുള്ള ജലാശയം ഭീമൻ കിണർ എന്നറിയപ്പെടുന്നു. ഇവിടെ അഗസ്ത്യാമുനിയുടെ ഒരു പ്രതിഷ്ഠയും കാണാനാകും. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണവേളയിൽ ഇവിടെ നിന്നും കല്ല് കൊണ്ട് വന്നു എന്നും പറയപ്പെടുന്നു. ഈ പാറയ്ക്ക് സമീപമാണ് ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ഇത്രയും ശാന്തമായ മുനിപ്പാറയിൽ വന്നിരുന്നാൽ ഒരു ധ്യാനാന്തരീക്ഷമാണ് നമുക്ക് അനുഭവപ്പെടുക. മനോഹരമായ സൂര്യാസ്തമനം കാണാൻ ഇവിടെയ്ക്ക് എത്തിച്ചേരാം.
എത്തിച്ചേരാൻ
തിരുവനന്തപുരത്ത് നിന്നും കോവളം ബൈപാസ്- വെള്ളാർ സർവീസ് റോഡ് വഴി ഏകദേശം 20 കിലോമീറ്റർ യാത്ര ചെയ്താൽ മുനിപ്പാറയിൽ എത്തിച്ചേരാം.