മുംബയ്: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയുന്ന ആര്യൻ ഖാൻ വീട്ടിൽ മടങ്ങിയെത്തുന്നതു വരെ ഷാരൂഖ് ഖാന്റെ മുംബയിലെ വീടായ മന്നത്തിൽ ആഘോഷങ്ങൾക്കും മധുര പലഹാരങ്ങൾക്കും വിലക്ക്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ വകയാണ് വിലക്ക്. മുംബയിലും മറ്റും നവരാത്രിയുമായി ബന്ധപ്പെട്ട് നിരവധി ആഘോഷങ്ങൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായി മന്നത്തിലെ പാചകക്കാർ മധുരപലഹാരമായ ഖീർ പാചകം ചെയ്യുന്നത് കണ്ട ഗൗരി ഖാൻ അവരെ വിലക്കുകയായിരുന്നു. മധുരപലഹാരം എന്ന് മാത്രമല്ല, ആര്യൻ ഖാൻ ജയിലിൽ നിന്ന് മടങ്ങിയെത്തുന്നതു വരെ മധുരമുള്ള ഒരു വസ്തുവും പാചകം ചെയ്യരുതെന്ന് ഗൗരി ഖാൻ ആവശ്യപ്പെട്ടതായി കുടുംബവുമായി അടുപ്പമുള്ള ചില സുഹൃത്തുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആര്യൻ ഖാൻ അറസ്റ്റിലായ ശേഷം ഗൗരി ഖാൻ വിഷാദവതിയായിരുന്നുവെന്നും ഇപ്പോൾ സദാ സമയവും പ്രാർത്ഥനയിലാണെന്നും കുടുംബസുഹൃത്തുക്കൾ പറഞ്ഞു. പൊതുവായി ആചാരങ്ങളിൽ അധികം താത്പര്യമില്ലാത്ത ഗൗരി ഖാൻ മകന്റെ അറസ്റ്റിനു ശേഷം എല്ലാ നേരവും പൂജാ മുറിയിലാണെന്നും സുഹൃത്തുക്കൾ പറഞ്ഞു.
അതിനിടെ ഷാരൂഖ് നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമായ പത്താന്റെ ഷൂട്ടിംഗ് അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.