ganja

തിരുവനന്തപുരം:തലസ്ഥാന നഗരിയിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ് ഓടി രക്ഷപ്പെട്ട് കഞ്ചാവ് കേസ് പ്രതി. രഹസ്യ വിവരത്തെ തുടർന്ന് കിള‌ളിപ്പാലത്ത് ഇയാളുൾപ്പടെ മയക്കുമരുന്ന് സംഘം താമസിക്കുന്ന ലോഡ്‌ജിലെ മുറിയിൽ പൊലീസ് എത്തിയപ്പോഴായിരുന്നു സംഭവം. ബോംബെറിഞ്ഞ പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

ആന്റി നർകോട്ടിക്‌ സ്‌ക്വാഡിലെ പൊലീസുകാരെയാണ് ഇയാളുൾപ്പടെ രണ്ടുപേർ ആക്രമിച്ചത്. ഇതിനു ശേഷം ലോഡ്‌ജിലെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ഇവർ ചാടി. ഇതിൽ മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. ഇയാളുടെ കൂട്ടുപ്രതികളായ രണ്ടുപേരെ പൊലീസ് ഉടൻ അറസ്‌റ്റ് ചെയ്‌തു. ഇവർ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ഇവരിലൊരാൾ പ്രായപൂർത്തിയാകാത്ത 16കാരനാണ്. രജീഷ് എന്നയാളാണ് അറസ്‌റ്റിലായ രണ്ടാമൻ. ഇവരെ പിടികൂടിയ മുറിയിൽ നിന്നും അഞ്ച് കിലോ കഞ്ചാവും വാളുകളും മൂന്ന് തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഷർട്ട് പോലും ധരിക്കാതെയായിരുന്നു മുഖ്യപ്രതിയായ ആൾ ഓടിയത്. കിള‌ളിപ്പാലം ജംഗ്‌ഷനിലെ ഒരു കടയിൽ കയറി ഒളിക്കാൻ ശ്രമിച്ച ഇയാളെ കടയുടമകൾ പുറത്താക്കി. ഇതോടെ അടുത്തുള‌ള രണ്ട് ഓട്ടോറിക്ഷ തൊഴിലാളികളോട് പേരൂർക്കട പോകണം എന്നാവശ്യപ്പെട്ടു.എന്നാൽ ഇവർ തയ്യാറാകാത്തതിനെ തുടർന്ന് ഇയാൾ ഓടിപ്പോയി. രക്ഷപ്പെട്ട രണ്ടാമൻ ആറ്റുകാൽ ഭാഗത്തേക്ക് ഓടിപ്പോയെന്നാണ് ലഭ്യമായ വിവരം. രക്ഷപ്പെട്ടവർക്ക് വേണ്ടിയുള‌ള തിരച്ചിൽ പൊലീസ് ശക്തമാക്കി.