കൊച്ചി: പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ സംവിധായകൻ വേണുവിനോട് നടൻ അലൻസിയർ മോശമായി പെരുമാറി എന്ന പരാതിയിൽ കടുത്ത നിലപാടുമായി ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ. അലൻസിയർ 'അമ്മ' അംഗമായതിനാൽ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം വരാൻ കാക്കുകയാണെന്ന് റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്റ് എസ്.എൻ സ്വാമി അഭിപ്രായപ്പെട്ടു.
അലൻസിയർക്കെതിരായ ഫെഫ്‌കാ റൈറ്റേൻ്‌സ് യൂണിയൻ പരാതി അമ്മയ്‌ക്ക് കൈമാറിയിരിക്കുകയാണ്. യൂണിയൻ ഒരുക്കുന്ന ചിത്രത്തിൽ അലൻസിയറിന് കരുതിയ കഥാപാത്രത്തിനെ കുറിച്ച് ചർച്ചയ്‌ക്കായി വേണുവിന്റെ വീട്ടിൽ അലൻസിയർ എത്തിയപ്പോഴാണ് സംഭവം.
മദ്യപിച്ചിട്ടായിരുന്നു അലൻസിയർ എത്തിയത്. സംഭവം വിവാദമായതോടെ അലൻസിയർ ഇക്കാര്യം സമ്മതിച്ചു. എന്നാൽ അസഭ്യം പറഞ്ഞില്ലെങ്കിലും മുതിർന്ന ചലച്ചിത്രകാരനും സംവിധായകനുമായ വേണുവിനോട് നിലവാരത്തിന് യോജിക്കാത്ത തരമായിരുന്നു അലൻസിയറിന്റെ സംസാരം. മദ്യപിച്ചു എന്നത് ഇത്തരത്തിൽ പെരുമാറുന്നതിന് കാരണമല്ലെന്നും 'അമ്മ'യിൽ നിന്നും ലഭിക്കുന്ന മറുപടി കൃത്യമായാൽ മാത്രമേ ഒത്തുതീർപ്പിന് സാദ്ധ്യതയുണ്ടോ എന്ന് പറയാനാകൂവെന്നും എസ്.എൻ സ്വാമി പറഞ്ഞു.
ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ അംഗങ്ങളുടെ ക്ഷേമപ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാനാണ് വേണുവിന്റെ സംവിധാനത്തിൽ 'കാപ്പ' എന്ന ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരാണ് പ്രധാനവേഷത്തിലെത്തുക.