priyanka-gandhi

ലക്ക്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിലും കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ ഒരു മാറ്റം വേണോ എന്ന് ഇവിടത്തെ വനിതകളാണ് ഇനി തീരുമാനിക്കേണ്ടതെന്നും മാറ്റം ആഗ്രഹിക്കുന്ന എല്ലാ വനിതകൾക്കും വേണ്ടിയാണ് കോൺഗ്രസ് ഈ തീരുമാനമെടുത്തതെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ തുടർച്ചയായ പരാജയങ്ങൾ അലട്ടി കൊണ്ടിരുന്ന കോൺഗ്രസിനെ കരകയറ്രുകയെന്ന ലക്ഷ്യത്തോടെ മൂന്ന് വർഷം മുമ്പാണ് പ്രിയങ്ക സഹോദരൻ രാഹുൽ ഗാന്ധിയിൽ നിന്ന് സംസ്ഥാന കോൺഗ്രസിന്റെ നേതൃ സ്ഥാനം ഏറ്റെടുത്തത്.

പതിവു പോലെ ജാതി രാഷ്ട്രീയം തന്നെയാകും ഇത്തവണയും ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന്റെ വിധി നിർ‌ണയിക്കുകയെന്ന് വിദഗ്‌ദ്ധർ കരുതുന്നു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ പതിവു പോലെ ഉയർന്ന ജാതിക്കാരെ പ്രീതിപ്പെടുത്തുകയെന്ന തന്ത്രം തന്നെയായിരിക്കും ബി ജെ പി സ്വീകരിക്കുക. എന്നാൽ കഴിഞ്ഞ തവണ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതിൽ ഉത്തർപ്രദേശിലെ ഉയർന്ന ജാതിക്കാർക്കിടയിൽ ചെറിയ അമർഷം നിലനിൽക്കുന്നുണ്ട്. ഇതിനു പുറമേ ലഖിംപൂരിലെ കർഷകപ്രക്ഷോഭത്തിനു കാരണമായ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടിയൊന്നും വരാത്തതിലും ഉത്തർപ്രദേശിലെ ഒരുവിഭാഗത്തിന് എതിർപ്പുണ്ടെന്ന് വിലയിരുത്തുന്നു. ഈ എതിർപ്പുകൾ പാർട്ടിക്കനുകൂലമായ വോട്ടുകൾ ആക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.