പുന്നപ്രയിലും വയലാറിലും സർ . സി.പിയുടെ പട്ടാളത്തിനെതിരെ കമ്മ്യൂണിസ്റ്റ് പോരാളികൾ നടത്തിയ പോരാട്ടത്തിന്
75 വയസ്
നിറതോക്കുകൾക്കു മുന്നിൽ കമ്മ്യൂണിസ്റ്റ് പോരാളികളുടെ ചുടുചോര ചീന്തിയ പുന്നപ്ര- വയലാർ വിപ്ളവപ്പോരാട്ടത്തിന് 75 വയസ്. സർ സി.പിയുടെ ചോറ്റു പട്ടാളത്തിനു മുന്നിലേക്ക് വാരിക്കുന്തവുമായെത്തി പ്രതിരോധം സൃഷ്ടിച്ച ഭടൻമാർ ഇയാംപാറ്റകളെപ്പോലെ വെടിയേറ്റു വീണപ്പോൾ പുന്നപ്രയിലും വയലാറിലും ചുടുചോരയുടെ രൂക്ഷഗന്ധം പരന്നു. അവസാന സഖാവും വെടിയേറ്റു വീഴുന്നതുവരെ അവർ തീയുണ്ടകൾക്കു മുന്നിൽ പൊരുതി നിന്നു. ഒരാളുപോലും ഭയന്ന് പിന്തിരിഞ്ഞോടിയില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ അണയാത്തജ്വാലയായി പുന്നപ്ര- വയലാർ പോരാട്ടം ഇപ്പോഴും നിറഞ്ഞു നിൽക്കവേ, ആ ധീരേതിഹാസത്തിന്റെ ഓരോ വാർഷികവും വിപ്ളവക്കനലെരിയുന്ന മനസുകളിൽ ആവേശത്തിന്റെ ചുവപ്പൻ നദിയൊഴുക്കും.
വാരിക്കുന്തമൊരുക്കുന്നു
കൊല്ലവർഷം 1122 തുലാം 7 തിരുവിതാംകൂർ മഹാരാജാവിന്റെ ജന്മദിനമാണ്. ആ ദിനം അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാര പ്രഖ്യാപന ദിനമാക്കണമെന്നായിരുന്നു സർ സി.പിയുടെ തീരുമാനം. സമരം ചെയ്യുന്ന തൊഴിലാളി വർഗത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അടിച്ചമർത്താനുള്ള ഒരു അവസരമായാണ് സർ സി.പി ഈ ദിനത്തെ കണ്ടത്. അതുകൊണ്ടുതന്നെ അത് പൊളിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും തയ്യാറായി നിന്നു. പുലർച്ചെ തന്നെ തൊഴിലാളികൾ നിശ്ചയിച്ച ക്യാമ്പുകളിൽ തടിച്ചുകൂടി. ചെങ്കൊടി കെട്ടിയ വാരികുന്തങ്ങൾ കൈയിലേന്തിയ വോളന്റിയർമാരാൽ ആലപ്പുഴ നിറഞ്ഞു. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തൊഴിലാളികൾ മാർച്ച് ആരംഭിച്ചു.
ഇടത്തരക്കാരും വിദ്യാർത്ഥികളും ചെറുകച്ചവടക്കാരും പട്ടാളത്തിൽ നിന്ന് പിരിഞ്ഞുവന്നവരും കമ്മ്യൂണിസ്റ്റ് വിരോധികളല്ലാത്തവരും ആ മാർച്ചിൽ പങ്കെടുത്തു. പട്ടാള ചിട്ടയിൽ കമ്മ്യൂണിസ്റ്റ് വോളന്റിയർമാർ റോഡ് നിറഞ്ഞ് പടയണി തീർത്തപ്പോൾ അതൊരു പ്രവാഹമായി മാറി. വോളന്റിയർമാർക്ക് രക്ഷാകവചമേന്തി ആയിരങ്ങളും തെരുവിൽ അണിനിരന്നു. ഈ സമയം പട്ടാളം റോന്തുചുറ്റിയെങ്കിലും ജനങ്ങളുടെ വർദ്ധിത വീര്യം കണ്ട് ഏറ്റുമുട്ടൽ ഒഴിവാക്കി പിൻവാങ്ങി. ആലപ്പുഴയിലെ വിവിധ വാർഡുകളിലെ തൊഴിലാളികൾ പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കിയാണ് നീങ്ങിയത്. അപ്പോൾ പുന്നപ്രയിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് പതിനായിരങ്ങൾ പങ്കെടുത്ത ജാഥയും വാരിക്കുന്തമേന്തി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് നീങ്ങി. ദിവാൻ ഭരണം അവസാനിപ്പിക്കുക, പട്ടാളത്തെ പിൻവലിക്കുക തുടങ്ങിയവയായിരുന്നു മുദ്റാവാക്യങ്ങൾ. ആ സമയം പുന്നപ്ര പൊലീസ് ക്യാംപിൽ 29 റിസർവ് പൊലീസുകാരും ഒരു പൊലീസ് ഇൻസ്പെക്ടറുമാണ് ഉണ്ടായിരുന്നത്. തിരുവമ്പാടിയിൽ വച്ച് ജാഥയ്ക്ക് എതിരെ വന്ന പട്ടാളവണ്ടി സമരക്കാർ തടഞ്ഞുനിർത്തി. മാർച്ചിന്റെ മുൻനിരയിൽ നിന്ന രണ്ടുപേരെ വെടിവെച്ചുവീഴ്ത്തി. പുന്നപ്രയിലെ പൊലീസ് ക്യാമ്പിനെ ലക്ഷ്യമാക്കി ജനസഞ്ചയം പിന്നെയും വന്നുകൊണ്ടേയിരുന്നു. ആ മനുഷ്യ മഹാസമുദ്റം ക്യാമ്പിന് ചുറ്റും അണിനിരന്നപ്പോൾ സർ സി.പിയുടെ പൊലീസ് വിറച്ചു. ക്യാമ്പിന്റെ ചുറ്റും തയ്യാറായി നിന്ന പൊലീസ്, തൊഴിലാളികൾ പിരിഞ്ഞുപോകണമെന്ന് മെഗാഫോണിലൂടെ വിളിച്ചുപറഞ്ഞു. വെടിവയ്ക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടും അവർ ഒറ്റ മനസായി നിലകൊണ്ടു. ആദ്യവെടി പൊട്ടിയപ്പോൾ കമിഴ്ന്ന് വീണ് നിലംപറ്റി കിടന്ന് മുന്നോട്ട് നീങ്ങാൻ നേതാക്കൾ മുന്നറിയിപ്പ് കൊടുത്തു. ഇടതടവില്ലാതെ വെടി പൊട്ടുകയാണ്. എന്നാൽ പതിനായിരങ്ങൾ വരുന്ന വാരിക്കുന്തമേന്തിയ സഖാക്കളുടെ വീര്യത്തിന് മുന്നിൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പൊലീസുകാർ കൊല്ലപ്പെട്ടു. ഈ ഏറ്റുമുട്ടലിൽ നിരവധി സമരക്കാരും മരിച്ചു. ഒന്നര മണിക്കൂർ നീണ്ട ആ സംഘട്ടനം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രം എഴുതി ചേർത്തു. സമരക്കാർ പിരിഞ്ഞുപോയതിന് ശേഷം അവശരായി കിടന്ന നിരവധിപേരെ പൊലീസും പട്ടാളവും ചേർന്ന് തല്ലിക്കൊന്നു. ഇവരെ ആലപ്പുഴ വലിയചുടുകാട്ടിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് സംസ്ക്കരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ തീർത്ഥാടന കേന്ദ്രമായ വലിയചുടുകാട്ടിൽ പുന്നപ്രയിലെ രണധീരർക്കൊപ്പമാണ് പി.കൃഷ്ണപിള്ള ഉൾപ്പടെയുള്ള പല കമ്മ്യൂണിസ്റ്റ് നേതാക്കളും അന്തിയുറങ്ങുന്നത്.
അനഘാശയൻ
നൂറുകണക്കിനാളുകൾ മരിച്ചുവീണ പുന്നപ്ര വയലാർ സമരത്തിന്റെ ദീപ്തസ്മരണയാണ് അനഘാശയൻ എന്ന 12 വയസുകാരൻ. പുന്നപ്ര വയലാർ സമര ചരിത്രത്തിൽ സുവർണ ലിപികളാലാണ് മേനാശേരി സമരത്തെ ആലേഖനം ചെയ്തിരിക്കുന്നത്. പുന്നപ്ര വെടിവയ്പ്പിന് ശേഷം സി.കെ.കുമാരപണിക്കരും കെ.സി.വേലായുധനും മേനാശേരി ക്യാമ്പ് സന്ദർശിച്ചു. ആക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ ക്യാമ്പിലുള്ളവരുടെ അഭിപ്രായം ആരായുകയായിരുന്നു ലക്ഷ്യം. ക്യാമ്പ് പിരിച്ചുവിട്ട് സർ സി.പിയുടെ പൊലീസിന്റെയും പട്ടാളത്തിന്റെയും ക്രൂരമർദ്ദനത്തിന് വിധേയനാകുന്നതിനേക്കാൾ നല്ലത് പൊലീസിനെ നേരിട്ട് ധീരമായി മരിക്കുന്നതാണെന്ന് അവർ പറഞ്ഞു. ഇതിനിടയിൽ ഒളതല ക്യാമ്പിന് നേരേയും ആക്രമണം നടന്നു. അവിടെ ഉണ്ടായിരുന്ന ധീരരായ സഖാക്കൾ വാരിക്കുന്തവുമായി പട്ടാളത്തെ നേരിട്ടു. 1122 തുലാം 10നാണ് മേനാശേരിയിലെ ധീരൻമാർക്ക് നേരെ പട്ടാളം വെടിയുതിർത്തത്. 400ഓളം വരുന്ന സമരക്കാരെ നൂറോളം വരുന്ന പട്ടാളക്കാർ നിറതോക്കുകളുമായി ആക്രമിക്കുകയായിരുന്നു. പൊന്നാംവെളി തോട് വഴിയാണ് പട്ടാളം മേനാശേരിയിലെത്തിയത്. ഇതറിഞ്ഞ സമരക്കാർ ക്യാമ്പ് സ്ഥലത്തുനിന്നും മണൽകൂനകളും തോടുകളും താണ്ടി വടക്കോട്ട് നീങ്ങി. ഇതിനിടയിൽ ആകാശത്തേക്ക് വെടിവച്ച് പട്ടാളക്കാർ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആ ധീര വിപ്ലവകാരികൾ പിൻമാറിയില്ല. ക്യാമ്പിനെ വളഞ്ഞാക്രമിക്കാനുള്ള നീക്കമാണ് പട്ടാളം നടത്തിയത്. വോളന്റിയർമാർ അത് തടയുന്നതിന് വേണ്ടി വടക്കോട്ട് നീങ്ങി. 45 പേരുള്ള ഒരു കൂട്ടം സഖാക്കൾ അടുത്തുണ്ടായിരുന്ന കുറ്റിക്കാടിന് പിന്നിൽ മറഞ്ഞു. മറ്റുള്ളവർ കമിഴ്ന്ന് കിടന്നു. പിന്നീട് തുരുതുരാ വെടിപൊട്ടാൻ തുടങ്ങി. ചിലർ വെടിയേറ്റ് പിടഞ്ഞപ്പോൾ മറ്റുള്ളവർ ധീരമായി നേരിട്ടു. ക്യാമ്പിനോട് ചേർന്നുള്ള നിലവറയിൽ അഭയം തേടിയവർക്ക് നേരെ നടന്ന വെടിവയ്പ്പാണ് കൂടുതൽ ദയനീയമായത്. നിലവറയിലുണ്ടായിരുന്ന 14 പേരിൽ 11 പേരും വെടിയേറ്റ് മരിച്ചു. മരിച്ച് വീണവരെയും പരിക്കേറ്റ് വീണവരെയുമടക്കം പട്ടാളക്കാർ കുളത്തിൽ മൂടി. ക്യാമ്പിൽ അംഗങ്ങളെ സഹായിക്കാനെത്തിയ അനഘാശയനും വെടിയേറ്റ് മരിച്ചു. കടക്കരപ്പള്ളി കനാശേരിയിൽ നിന്നാണ് അനഘാശയൻ പോരാട്ടത്തിനെത്തിയത്. മേനാശേരി ക്യാമ്പിലെ സ്കൗട്ട് ആയിരുന്നു ആ കൊച്ചുസഖാവ്. ശത്രുക്കളുടെ നീക്കങ്ങളും മറ്റും മണത്തറിഞ്ഞ് റിപ്പോർട്ട് ചെയ്യുന്നത് അനഘാശയൻ എന്ന ധീര വിപ്ലവകാരിയായിരുന്നു.
മാരാരിക്കുളം മോഡൽ
തുലാം 9ാം തീയതിയാണ് മാരാരിക്കുളത്ത് വെടിവയ്പ്പ് നടന്നത്. പട്ടാളഭരണം പ്രഖ്യാപിക്കപ്പെട്ട എട്ടാം തീയതി വയലാർ ഭാഗത്ത് പട്ടാളത്തെ ആക്രമിക്കുവാൻ പദ്ധതിയിടുന്നതായി അവർക്ക് സൂചന കിട്ടി. ഇതിനെ തുടർന്ന് വയലാറിലേയ്ക്ക് കൂടുതൽ പട്ടാളത്തെ അയയ്ക്കുവാൻ തീരുമാനിച്ചു. ഇത് തടയുന്നതിന് വേണ്ടി മാരാരിക്കുളത്തെ പാലം രാത്രിയിൽ വോളന്റിയർമാർ പൊളിച്ചു. കരമാർഗം ഈ വഴിയല്ലാതെ വയലാറിലേയ്ക്ക് പട്ടാള വണ്ടിക്ക് കടക്കുവാൻ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. പിന്നീട് ഇവിടെയെത്തിയ പട്ടാളക്കാർ ഒരു താത്ക്കാലിക പാലം പണിയുവാൻ ആരംഭിച്ചു. പട്ടാളക്കാർ പാലം പുതുക്കി പണിയുന്ന വിവരം ക്യാമ്പിലെത്തി. ഇതിനെ തുടർന്ന് കണ്ണർകാട് വോളന്റിയർ ക്യാപ്റ്റൻ കരുണാകരൻ മറ്റുള്ളവരുമായി ആലോചിച്ച് അതിനെ നേരിടാൻ തീരുമാനിച്ചു. വളരെ കുറച്ച് പട്ടാളക്കാർ മാത്രമേ പാലം പണിയുന്നിടത്ത് ഉള്ളൂവെന്ന ധാരണയായിരുന്നു അവർക്ക്. പൂജവെളി, മുഹമ്മ, കണ്ണാർകാട് ക്യാമ്പുകളിൽ നിന്ന് പരിശീലനം നേടിയ മുന്നൂറോളം വോളന്റിയർമാരും നാട്ടുകാരും മാരാരിക്കുളത്തേയ്ക്ക് മാർച്ച് നടത്തി. പാലം പണിതുകൊണ്ടിരുന്ന പട്ടാളക്കാരെ ആക്രമിക്കാൻ തയ്യാറെടുത്തപ്പോൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ നാല് ഭാഗത്ത് നിന്നും വെടിമുഴങ്ങി. നിരവധി പട്ടാളക്കാർ സമീപമുള്ള വീടുകളിലും പ്രദേശങ്ങളിലും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പിന്നെ പട്ടാളവും വോളന്റിയർമാരും തമ്മിൽ ഉജ്ജ്വലമായ പോരാട്ടത്തിന് മാരാരിക്കുളം സാക്ഷ്യം വഹിച്ചു.
സാഗരഗർജനം
അനേകം ധീരന്മാരുടെ രക്തപ്പുഴ ഒഴുകിയ വയലാർ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തനക്ഷത്രമാണ്. മേനാശേരിയിലേയും ഒളതലയിലേയും അക്രമം നടത്തിയ സമയം തന്നെ വയലാർ ക്യാമ്പിനെയും ആക്രമിക്കാനായിരുന്നു പട്ടാളം തീരുമാനിച്ചത്. മാരാരിക്കുളം പാലം പുനഃസ്ഥാപിക്കാത്തതിനാൽ കരയിലൂടെ വയലാറിലെത്താൻ കഴിയില്ല. തുടർന്ന് കായലിൽ കൂടി ബോട്ടിൽ വയലാറിലെത്തി ആക്രമിക്കുവാൻ തീരുമാനിച്ചു. തുലാം ഒൻപതിന് പാതിരാത്രി ബോട്ടിൽ പട്ടാളം വയലാറിനെ ലക്ഷ്യമാക്കി നീങ്ങി. എന്നാൽ ഇതറിഞ്ഞ സഖാക്കൾ കരിങ്കൽ ചീളുകൾകൊണ്ട് നേരിട്ടപ്പോൾ അവർ തിരികെ മടങ്ങി. തുലാം 10ന് ഉച്ചയ്ക്ക് 12 മണിക്ക് പട്ടാളം ക്യാമ്പ് ചെയ്തിരുന്ന ചേർത്തല ടി.ബിയിൽ നിന്നും അവർ ബോട്ടിൽ കയറി.
ഡി.എസ്.പി വൈദ്യനാഥ അയ്യരായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. അഞ്ചോളം ബോട്ടുകളിലായി അഞ്ഞൂറോളം പട്ടാളക്കാർ വയലാറിനെ ലക്ഷ്യമാക്കി നീങ്ങി. ക്യാമ്പിലുള്ള സഖാക്കൾ 12.30 ഓടെ ആഹാരം കഴിക്കാൻ ഒരുങ്ങവേയാണ് ആ ഇരമ്പൽ ശബ്ദം കേട്ടത്. വയലാറിനെ ലക്ഷ്യമാക്കി കിഴക്കുനിന്നും വരുന്ന ബോട്ടുകൾ അവർ കണ്ടു. വോളന്റിയർമാരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി പല സ്ഥലത്താണ് ബോട്ട് അടുപ്പിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ പട്ടാളക്കാർ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇറങ്ങി. പരിശീലനം സിദ്ധിച്ച 200 ഓളം വോളന്റിയർമാർ മാത്രമാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഈ സമരത്തിൽ അവരെകൂടാതെ നാട്ടുകാരും പട്ടാളത്തെ നേരിടാൻ രംഗത്തെത്തി. പട്ടാളക്കാർ തുരുതുരാ നിറയൊഴിച്ചു. മൂന്ന് വശത്തുനിന്നും പാഞ്ഞടുക്കുന്ന വെടിയുണ്ടകൾ നിരവധി മനുഷ്യരുടെ ജീവനെടുത്തു. കൈയിലുള്ള വാരിക്കുന്തങ്ങളും ഇരുമ്പുവടികളും വെട്ടുകത്തിയും കോടാലിയും കരിങ്കൽ ചീളുകളും കൊണ്ട് വോളന്റിയർമാർ പട്ടാളത്തെ നേരിട്ടു. ആദ്യമായി വെടിയേറ്റത് സഖാവ് ശ്രീധരനായിരുന്നു. നെറ്റിയിൽ നിന്നും ചോര ഒഴുകിയപ്പോൾ അത് തടുക്കാൻ ശ്രമിച്ച സഖാവിനോട് ശ്രീധരൻ പറഞ്ഞത് ''ഇത് സാരമില്ല, നിങ്ങൾ മുന്നോട്ട് പോകൂ..."" എന്നായിരുന്നു . വെടിവയ്പ്പിനിടയിൽ ഒരു വോളന്റിയർ പട്ടാളക്കാരുടെ മുന്നിൽ എഴുന്നേറ്റ് നിന്നുകൊണ്ട് ഇങ്ങനെ അലറിക്കൊണ്ട് വിരിമാറുകാട്ടി ''സഖാക്കളെ ഞങ്ങൾ ജീവിക്കാൻ വേണ്ടിയാണ് മരിക്കാൻ തയ്യാറായത്, നിങ്ങൾക്ക് ജീവിക്കാൻ ഞങ്ങളെ കൊല്ലണമെങ്കിൽ വെടിവച്ചോളൂ."" ധീരത അടയാളമാക്കിയ ആ വിപ്ലവകാരിയുടെ മുന്നിൽ ഒരുനിമിഷം പട്ടാളക്കാർ പതറിനിന്നു. തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിൽ നിന്നും ഡി.എസ്.പി വൈദ്യനാഥ അയ്യർ വെടിവെയ്ക്കാൻ അലറി വിളിച്ചപ്പോഴാണ് വീണ്ടും തോക്കുകൾ ശബ്ദിച്ചത്. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ആ മനുഷ്യക്കുരുതി വൈകിട്ട് അഞ്ചുവരെ തുടർന്നു. നൂറുകണക്കിനാളുകളുടെ ജീവനെടുത്ത ശേഷമാണ് തോക്കുകൾ നിശബ്ദമായത്. സമരപോരാട്ടങ്ങളുടെ ഭാഗമായി പാതി ജീവൻ നഷ്ട്ടപെട്ടു ജീവിച്ചവരും അംഗഭംഗം വന്നവരും നിരവധി.
ഓർമകളുടെ പടപ്പാട്ടിൽ മേദിനി
വിപ്ലവത്തിന്റെ ഈരടികളിലേക്ക് കാലം എതിരേറ്റ പടപ്പാട്ടുകാരി പി.കെ.മേദിനിയുടെ ഓർമകളിൽ ഇന്നുമുണ്ട് 75 ആണ്ടുകൾക്ക് മുമ്പ് നടന്ന പുന്നപ്ര വയലാർ സമരത്തിന്റെ ഉറവ വറ്റാത്ത ഓർമകൾ. എട്ടാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായ മേദിനി 88-ാം വയസിലും പ്രായത്തിന്റെ അവശതകൾ മറന്ന് സംഘടനാ പ്രവർത്തനത്തിൽ സജീവമാണ്. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനോട് ചേർന്നുള്ള തൊഴിലാളി കലാ സാംസ്കാരിക കേന്ദ്രത്തിലെ സന്ദർശനമാണ് വിപ്ലവഗാനത്തിലേക്ക് ശ്രദ്ധ തിരിപ്പിച്ചത്. ആദ്യമായി പൊതു വേദിയിൽ പാടുന്നത് ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനത്തിലാണ്. പുന്നപ്ര വയലാർ സമരകാലത്ത് നടക്കാറുള്ള ഒട്ടുമിക്ക യോഗങ്ങൾക്കും പി. കെ. മേദിനിയുടെ ഗാനം പതിവായിരുന്നു. കാലമേറെ മുന്നോട്ട് പോയെങ്കിലും 12 വയസുകാരിയുടെ കണ്ണിൽ കണ്ട അന്നത്തെ സമരനാളുകൾ ഇന്നും തെളിഞ്ഞ ഓർമയായി മനസിൽ സൂക്ഷിക്കുന്നു. പുന്നപ്ര വയലാർ 75ാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട്ടിൽ പതാക ഉയർത്തിയത് പി.കെ. മേദിനിയാണ്.