സൗന്ദര്യസംരക്ഷണത്തിന് കഴിക്കുന്ന ഭക്ഷണങ്ങളും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. നിരവധി ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളും അടങ്ങിയ വാൾനട്ട് ദിവസവും കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകും. ദിവസവും കുതിർത്ത വാൾനട്ട് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. വാൾനട്ടിൽ ഒട്ടനവധി വിറ്റാമിനുകളും അവശ്യപോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ തിളക്കമുള്ളതാക്കാനും യുവത്വമുള്ളതാക്കാനും ഇത് സഹായിക്കുന്നു. മറ്റെല്ലാ നട്ടുകളേക്കാളും വാൾനട്ടിൽ ആന്റിഓക്സിഡന്റുകൾ കൂടുതലാണ്. ആന്റിഓക്സിഡന്റുകൾ നിങ്ങളുടെ ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നു. വാൾനട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി ചർമ്മത്തിലെ പിഗ്മെന്റേഷൻ കുറയ്ക്കുകയും ആരോഗ്യമുള്ള പുതിയ ചർമ്മകോശങ്ങൾ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മറ്റു നട്ടുകളെക്കാൾ കൂടുതൽ ആരോഗ്യകരമായ ഒമേഗ 3 ഫാറ്റി ആസിഡ് ഇതിലുള്ളതിനാൽ ചർമ്മത്തിലെ ചുളിവുകൾ അകറ്റി മൃദുവാക്കുകയും ജലാംശം നിലനിറുത്തുകയും ചെയ്യുന്നു. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ ഇല്ലാതാക്കുന്നു. മുടിയുടെ വളർച്ചയ്ക്കും മുടി തിളക്കമുള്ളതാക്കാനും കൂടാതെ താരനും ചൊറിച്ചിലും അകറ്റി നിറുത്താനും വാൾനട്ട് ശീലമാക്കാം.