കൊവിഡിനാൽ മരിച്ചവരുടെ സർക്കാർ ലിസ്റ്റിൽ ആയിരക്കണക്കിന് പേരുകളാണ് വിട്ടുപോയിട്ടുള്ളത്. വിട്ടുപോയ പേരുകൾ ചേർക്കാനായി വെബ്സൈറ്റ് തയാറായി. അനന്തരാവകാശികൾ നേരിട്ടോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കണം. തികച്ചും അബദ്ധജഡിലമാണ് വെബ്സൈറ്റ്. മരണ രജിസ്ട്രേഷൻ കീ നമ്പർ തുടങ്ങി പലചോദ്യങ്ങളും ഇതിലുണ്ട് . മരണസർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിന്റെ പേര് വരുന്നഭാഗം പ്രവർത്തിക്കുന്നില്ല. പരാതിപ്പെട്ടപ്പോൾ ഉടനെ പരിഹരിക്കാമെന്ന് അധികൃതർ പറയുന്നു. അപേക്ഷയോടൊപ്പം രേഖകളുടെ പകർപ്പും ആവശ്യപ്പെടുന്നു. ഒപ്പം ഒരു പരാതി കൂടി നല്കണമെന്നു നിർദ്ദേശിക്കുന്നെങ്കിലും ആർക്കാണ് നൽകേണ്ടതെന്ന് പറഞ്ഞിട്ടില്ല.
മരണപ്പെട്ടവരുടെ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് മെഡിക്കൽ കോളേജിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആശുപത്രികളിൽ നിന്നും നേരിട്ട് ലിസ്റ്റ് വരുത്തി ഒത്തുനോക്കി, വിട്ടുപോയവ കൂട്ടിച്ചേർക്കാമെന്നിരിക്കെ മരിച്ചവരുടെ ബന്ധുക്കളെ വട്ടംകറക്കുന്നത് നീതിയല്ല . അതിനാൽ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ വഴിയോ ജില്ലാ മെഡിക്കൽ ഓഫീസർ വഴിയോ വിവരശേഖരണം നടത്തുന്നത് സുഗമമായിരിക്കും .
അഡ്വ.പി.കെ ശങ്കരൻകുട്ടി
(കൊവിഡ് മൂലം മരണപ്പെട്ടയാളുടെ ഭർത്താവ് )
കഴക്കൂട്ടം - ഫോൺ 9446484730