ലോകത്തെ ഏറ്റവും വലിയ വായയുള്ള മനുഷ്യൻ എന്ന റെക്കോഡ് തിരിച്ചുപിടിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ഐസക് ജോൺസൺ. 10.17 സെ.മീറ്റർ ആണ് ജോൺസണിന്റെ വായയുടെ വീതി. ഒരിക്കൽ നഷ്ടപ്പെട്ട ഗിന്നസ് റെക്കോഡ് തിരിച്ചു പിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ട വീഡിയോ ജോൺസൺ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. 14ാം വയസിലാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമാണ് തന്റെ വായയെന്ന് ഇദ്ദേഹം തിരിച്ചറിയുന്നത്. 9.34 സെ. മീറ്റർ വീതിയുമായി അന്ന് ജോൺസൺ റെക്കേഡുകൾ കുറിച്ചിരുന്നു. അതുവരെ 8.38 സെ.മീറ്റർ വീതിയുള്ള വായയുമായി ജർമൻ സ്വദേശി ബെർണ്ട് ഷ്‌മിഡിന്റെ റെക്കോഡിട്ടിരുന്നത്. അതാണ് 2017ൽ ജോൺസൺ തകർത്തത്. എന്നാൽ, 2019ൽ ആ റെക്കോഡ് തകർത്തുകൊണ്ട് ഫിലിപ്പ് ആൻഗസ് എത്തി. 9.52സെ.മീറ്ററായിരുന്നു ഫിലിപ്പിന്റെ വായയുടെ വീതി. പക്ഷേ, ഇത്തവണ ജോൺസൺ വീണ്ടും റെക്കോഡ് തിരിച്ചു പിടിച്ചു. ഗിന്നസ് ബുക്കിന്റെ പേജിലും ജോൺസണിന്റെ വീഡിയോ വൈറലായി. സ്വന്തം കൈയും കുപ്പിയുടെ പിൻഭാഗവും ആപ്പിളുമൊക്കെ വായ്‌ക്കുള്ളിൽ ആക്കുന്നത് വീഡിയോയിൽ കാണാം.