സന്തോഷ് പണ്ഡിറ്റ്
നിലപാടുകൾ വ്യക്തം
സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖം വായിച്ചു. തന്റെ നിലപാടുകൾ വളരെ വ്യക്തമായാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. യാതൊരു സംശയവും ഇല്ലാത്ത വിധം കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. വായിച്ചു പോകാവുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്. നല്ല വായനാനുഭവം.
കെ. രമേശ്,
വക്കം.
താരങ്ങളുടെ വാക്കുകൾ
ഹൃദയത്തിൽ തട്ടി
നെടുമുടി വേണുവിന്റെ വേർപാടിനെ തുടർന്ന് കേരളകൗമുദി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാനിടയായി. മമ്മൂട്ടിയുടെ വാക്കുകൾ ഹൃദയത്തിൽ സ്പർശിച്ചു എന്നുതന്നെ പറയാം. കുറിപ്പിന്റെ അവസാനം എഴുതിയ വാക്കുകൾ കണ്ണു നനയിച്ചു. മലയാള സിനിമയിലെ ഒരു അതുല്യ പ്രതിഭയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. സിനിമ കണ്ടുതുടങ്ങിയ കാലം മുതൽ കാണുന്ന മുഖമാണ് നെടുമുടി വേണുവിന്റേത്. അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച വിടവ് ആർക്കും നികത്താനാകാത്തതാണ്. നെടുമുടി വേണു വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവാത്ത എന്തോക്കെയോ ആണെന്നും വിശദീകരിക്കാൻ താൻ മുതിരുന്നില്ലെന്നും തനിക്കതിനാകുന്നില്ലെന്നുമുള്ള മമ്മൂട്ടിയുടെ വാക്കുകളിൽ നിന്നും നെടുമുടി വേണു അദ്ദേഹത്തിന് എന്തെല്ലാം ആയിരുന്നു എന്ന് മനസിലാക്കാം. കൂടാതെ നെടുമുടി വേണുവിനെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ ഓർമകളും വളരെ വൈകാരികമായിരുന്നു. പ്രസിദ്ധീകരിച്ചതിന് നന്ദി.
അരുൾ,
തിരുമല.
ലക്ഷദ്വീപൻ വിഭവങ്ങൾ കലക്കി
കേരളകൗമുദി ആഴ്ചപ്പതിപ്പിൽ കഴിഞ്ഞ ലക്കത്തിൽ പ്രസിദ്ധീകരിച്ച ഫഹിമ ബിന്ദ് അബ്ദുല്ല എഴുതിയ പാചക പംക്തി മികച്ചതായിരുന്നു, വളരെ വ്യതസ്തമായി ഇത്തവണ ലക്ഷദ്വീപിലെ രുചികൾ വായനക്കാർക്ക് പരിചയപ്പെടുത്തിയത് വളരെ നന്നായി. വീട്ടിൽ സാധാരണയായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അതേസമയം നല്ല രുചിയുള്ള വിഭവങ്ങളായിരുന്നു എല്ലാം. മുരിങ്ങയില ഉപയോഗിച്ച് തോരൻ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ലക്ഷദ്വീപിലെ മുരിങ്ങയിലക്കറി തയ്യാറാക്കി നോക്കി, വളരെ വ്യസ്തമായിരുന്നു. മധുരമുള്ള ഫൂക്കുത്തും മികച്ചതായിരുന്നു. ഇനിയും ഇത്തരത്തിലുള്ള മറ്റു സ്ഥലങ്ങളിലെ വിഭവങ്ങൾ പരിചയപ്പെടുത്തണമെന്നാണ് എന്റെ അഭ്യർത്ഥന.
വിഷ്ണുപ്രിയ,
കാട്ടാക്കട.