മോസ്‌കോ: നിയമവിരുദ്ധമായ കണ്ടെന്റുകൾ നീക്കം ചെയ്‌തില്ലെന്ന് കാട്ടി ഗൂഗിളിന് റഷ്യ നൽകിയത് വമ്പൻ പിഴ. കണ്ടെന്റ് നീക്കാൻ കാലതാമസം വരുത്തിയതിന് ഗൂഗിളിന്റെ റഷ്യയിലെ വാർഷിക വരുമാനത്തിന്റെ 20 ശതമാനമാണ് പിഴയായി വിധിച്ചത്. 240 ദശലക്ഷം ഡോളറാണിത്.
മുൻപ് ഇതേ പിഴവിന് വർഷം 4.58 ലക്ഷം ലക്ഷം ഡോളറിന്റെ പിഴയാണ് റഷ്യൻ കമ്മ്യൂണിക്കേഷൻ റെഗുലേറ്റിംഗ് അതോറിറ്റി വിധിച്ചത്. ഗൂഗിളിനെ മാത്രമല്ല ഫേസ്‌ബുക്കിനെയും വരുതിയിലാക്കാൻ വ്‌ളാദിമർ പുടിൻ ഭരണകൂടം ശ്രമം തുടങ്ങിയിട്ടുണ്ട്. റഷ്യൻ കമ്മ്യൂണിക്കേഷൻ റെഗുലേറ്റിംഗ് അതോറിറ്റി ഇതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.
ഇന്റർനെറ്റിനെയും ഫേസ്‌ബുക്ക്, ട്വിറ്റർ പോലെയുളള സമൂഹമാദ്ധ്യമങ്ങളെയും വരുതിയിലാക്കാൻ പുടിൻ ഭരണകൂടം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് റഷ്യൻ പ്രതിപക്ഷം ആരോപിക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾക്ക് പുടിൻ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളെ ഭയമാണെന്നും അവർ അതിനുപാകത്തിന് നിൽക്കുകയാണെന്നും പ്രതിപക്ഷം പറയുന്നു. മാർച്ച് മാസത്തിൽ ട്വിറ്റർ ഫീഡ് വേഗത കുറച്ചത് ഇത്തരമൊരു നീക്കമാണെന്നാണ് പ്രതിപക്ഷം സൂചിപ്പിക്കുന്നത്.
വലിയ തിരിച്ചടിയാണ് നേരിട്ടതെങ്കിലും ഇക്കാര്യത്തിൽ ഗൂഗിൾ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല എന്നാണ് വിവരം.