കാസർകോട്: ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിന്റെ പേരിൽ കുഴിച്ചുമൂടാനുള്ള നീക്കം വിവാദത്തിൽ. നിരോധനത്തെ തുടർന്ന് പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളിലെ കേരള പ്ലാന്റേഷൻ കോർപറേഷന്റെ ഗോഡൗണുകളിൽ രണ്ടു പതിറ്റാണ്ടായി സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ കുഴിച്ചുമൂടാനുള്ള നീക്കത്തെ നേരിടുമെന്ന മുന്നറിയിപ്പുമായി ഇതിനെതിരായി പോരാടുന്ന എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഭാരവാഹികൾ രംഗത്തുവന്നു.
ഇക്കാര്യം ഉന്നയിച്ച് മുന്നണി ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 35 ശതമാനം ഇ.സി. വീര്യമുള്ള 1438 ലിറ്റർ എൻഡോസൾഫാനും അത് കലർന്ന അവശിഷ്ടങ്ങളുമാണ് ഗോഡൗണുകളിലുള്ളത്. 65 ശതമാനം നിർജീവമായ വസ്തുക്കൾ കീടനാശിനിയിൽ അടങ്ങിയിട്ടുണ്ട്. അത് എൻഡോസൾഫാനുമായി പ്രതിപ്രവർത്തനം ഇല്ലാത്തതാണെങ്കിലും പ്രകൃതിക്കും ജനാരോഗ്യത്തിനും അപകടകരമായ രാസവസ്തുക്കളാണെന്നാണ്. പുതിയ കെമികൽ വിശകലനം നടത്തിയതിന് ശേഷമേ ഏത് ടെക്‌നോളജി ഉപയോഗിച്ച് സംസ്‌കരണം നടത്തണമെന്ന തീരുമാനം എടുക്കാൻ പറ്റൂവെന്ന് വിദഗ്ദ്ധർ പറയുന്നു. ഗോഡൗണുകൾക്ക് സമീപം കുഴിയെടുത്ത് കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുതാര്യതയോ കൂടിയാലോചനകളോ ഒട്ടുമില്ലാതെ എൻഡോസൾഫാൻ സംസ്‌കരിക്കാനുള്ള ധൃതി പിടിച്ച നീക്കം പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വാദം. എൻഡോസൾഫാൻ നിർവീര്യമാക്കി സംസ്‌കരിക്കാൻ ഡബിൾ ചേംബർ സൗകര്യമുള്ള 30 മീറ്ററിൽ അധികം ഉയരമുള്ള പുകക്കുഴലുള്ള ആധുനിക സംസ്‌കരണ പ്ലാന്റ് ആവശ്യമാണ്. എന്നാൽ അത്തരം സൗകര്യങ്ങളൊന്നുമില്ലാത്തിടത്ത് കുഴിച്ചുമൂടാൻ ശ്രമിക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. എൻഡോസൾഫാൻ മൂലം യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാവില്ലെന്ന് പറഞ്ഞു നടക്കുന്നവർ ആരുമറിയാതെ 40 ലക്ഷം രൂപ ചിലവ് ചെയ്ത് ചൂടാക്കി കുഴിച്ചു മൂടാൻ തീരുമാനിച്ചതിന്റെ പിന്നിലെ ഗൂഢാലോചനകളെ പുറത്തു കൊണ്ടു വരണമെന്ന് പീഡിത ജനകീയ മുന്നണി ഭാരവാഹികൾ ആവശ്യപ്പടുന്നു.
ഏത് ശാസ്ത്രീയതയുടെ പേരിലായാലും ജില്ലയെ ഇനിയൊരു പരീക്ഷണത്തിന് വിധേയമാക്കാതെ, ഉത്പാദിപ്പിച്ച കമ്പനിയുടെ ഉത്തരവാദിത്തത്തിൽ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നിർവീര്യമാക്കാനുള്ള തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും എൻഡോസൾഫാൻ പച്ച വെള്ളം പോലെ കുടിക്കാമെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ ശാസ്ത്ര ബോധമല്ല കമ്പനി താത്പര്യമാണ് വെളിവാകുന്നതെന്നും ആരോപണം ഉയർന്നു.
ബൈറ്റ്
ഒരു ജനതയെ വൈകല്യമുള്ളവരാക്കി തീർത്ത പരീക്ഷണം വീണ്ടും അവർത്തിക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. കെട്ടികിടക്കുന്ന എൻഡോസൾഫാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് നിർവീര്യമാക്കണമെന്നാണ് ആവശ്യം. അത് നടപ്പാക്കുന്നതിന് പകരം പുതിയ വാദമുഖങ്ങൾ ഉയർത്തി കുഴിച്ചുമൂടാനും അതുവഴി വീണ്ടും ജനങ്ങളുടെ ആരോഗ്യം പരീക്ഷണവസ്തു ആക്കിമാറ്റുവാനുമുള്ള ഗൂഢാലോചന തിരിച്ചറിയണം.
മുനീസ അമ്പലത്തറ
പ്രസിഡന്റ്,
പീഡിത ജനകീയ മുന്നണി