bribe

സേലം: പൊലീസുകാർ വാങ്ങുന്ന കൈക്കൂലിയുടെ കണക്കുകൾ പുറത്തുവിട്ട് ഐ പി എസ് ഓഫീസർ. സേലം എസ് പി അഭിനവ് കൈക്കൂലി പട്ടിക പ്രത്യേക സര്‍ക്കുലറാക്കിയാണ് പുറത്തുവിട്ടത്. വിവിധ ആവശ്യങ്ങള്‍ക്ക് ഈടാക്കുന്ന കൈക്കൂലിയുടെ തരംതിരിച്ച കണക്കുകളാണ് പട്ടികയിലുള്ളത്. സേലം ജില്ലയില്‍ പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നു എന്നുള്ള പരാതിക്ക് തടയിടാണ് എസ് പിയുടെ വേറിട്ട നടപടി.

കൈക്കൂലിക്കണക്കുകൾ ഇങ്ങനെയാണ്: കള്ളലോട്ടറി ഇടപാടുകാര്‍ എസ് ഐക്ക് നല്‍കേണ്ടത് 3000 രൂപ മുതല്‍ 5000 രൂപ വരെയാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കേണ്ടത് ഒരു ലക്ഷം രൂപയും. ഇനി വ്യാജ ലോട്ടറിയാണ് വില്‍ക്കേണ്ടതെങ്കിൽ സ്‌റ്റേഷൻ റൈറ്റര്‍ക്ക് നല്‍കേണ്ടത് ആയിരം രൂപയാണ്. കള്ളക്കടത്ത് കേസുകളില്‍ 20,000 രൂപ. മയക്കുമരുന്ന് വില്‍പ്പന, ഗുണ്ടായിസം, നിയമവിരുദ്ധമായ ചീട്ടുകളി, മസാജ് പാര്‍ലറുകളുടെ നടത്തിപ്പ് തുടങ്ങി ഏത് തരം കുറ്റകൃത്യങ്ങള്‍ക്കും കൈക്കൂലി ചോദിച്ചുവാങ്ങും.

വലിയ കാര്യങ്ങൾക്ക് മാത്രമല്ല പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ്, ജാമ്യം ശരിയാക്കിക്കൊടുക്കൽ തുടങ്ങിയവയ്ക്കും കൈക്കൂലി മസ്റ്റാണ്. പക്ഷേ, തുക മറ്റുള്ളതിനെ അപേക്ഷിച്ച് ചെറുതായിരിക്കും. വാഹനങ്ങള്‍ പരിശോധിക്കാനിറങ്ങുമ്പോള്‍ പെട്രോള്‍ അടിക്കാനുള്ള തുകയായ നൂറ് രൂപ മുതല്‍ കൊടും കുറ്റങ്ങളിലെ ഒത്തുതീര്‍പ്പിന് ലക്ഷങ്ങള്‍ വരെ കൈക്കൂലിയായി വാങ്ങും. കൊടുത്തില്ലെങ്കിൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമെന്നത് തീർച്ചയാണ്.

പട്ടിക പുറത്തുവിട്ടതിനൊപ്പം കൈക്കൂലിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കീഴുദ്യോഗസ്ഥർക്ക് എസ് പി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കൈക്കൂലിക്കാരെ പൊക്കാൻ രഹസ്യ സംഘത്തെ നിയോഗിക്കുകയും ചെയ്തു.