നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ ഒപ്പം ഉണ്ടായിരുന്നത് താനാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് നടൻ ജിഷിൻ മോഹൻ. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം അഭ്യത്ഥിക്കുന്നുണ്ട്. സോഷ്യൽ മീഡിയാ ലൈവിലൂടെയാണ് അഭ്യർത്ഥന നടത്തിയത്.
ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് സീരിയിൽ താരം ജിഷിൻ ആണെന്ന വാർത്ത ചില യൂട്യൂബ് ചാനലുകളിലാണ് പ്രത്യക്ഷപ്പെട്ടത്. ‘ആ ജിഷിൻ ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയൽ നടൻ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാർത്തകൾ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നൽകുകയാണ് വേണ്ടത്. പക്ഷേ അതിനൊന്നും സമയമില്ല. നിങ്ങൾ വാർത്ത വളച്ചൊടിച്ച് കൊടുക്കുമ്പോൾ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓർക്കണം’ – എന്നാണ് ജിഷിൻ പറഞ്ഞത്.
അടുത്തിടെ കാക്കനാട്ടുവച്ചാണ് ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാക്കിയിട്ടും വാഹനം നിറുത്താതെ ഓടിച്ചുപോയ ഗായത്രി സുരേഷിന്റെയും സുഹൃത്തിന്റെയും നടപടി നാട്ടുകാർ ചോദ്യം ചെയ്ത വീഡിയോ വൈറലായിരുന്നു.