saudi

റിയാദ്: സൗദി അറേബ്യയിൽ ഹോട്ടലുകളിലും വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന കർശനമാക്കുന്നു. വൃത്തിയില്ലായ്മ കണ്ടുപിടിച്ചാൽ കനത്ത പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തിൽ നഗര പരിധിയിൽ മാത്രമായിരിക്കും പരിശോധന. രാജ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പരിശോധന കടുപ്പിക്കാൻ തീരുമാനിച്ചത്.

വൃത്തിഹീനമായ സാഹചര്യം കണ്ടുപിടിച്ചാൻ കനത്ത പിഴ ഒഴുക്കുന്നതിനൊപ്പം സ്ഥാപനം അടച്ചുപൂട്ടേണ്ടിയും വരും. ആദ്യഘട്ട പരിശോധനയിൽ വൃത്തിയില്ലായ്മ കണ്ടെത്തിയാൽ മുന്നറിയിപ്പ് നൽകും. ഇതിന്റെ രേഖകൾ ബന്ധപ്പെട്ട അധികാരികൾ സൂക്ഷിക്കും. തുടർന്നുള്ള പരിശോധനയിൽ പാളിച്ച കണ്ടെത്തിയാൽ പിഴ ഈടാക്കിത്തുടങ്ങും. നിയമലംഘനം തുടർന്നാൽ പിഴയുടെ വലിപ്പം കൂടിക്കൊണ്ടിക്കും. ഒപ്പം അടച്ചുപൂട്ടാനും നിർദ്ദേശിക്കും.

ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്നതും അല്ലാത്തതുമായ മേശകൾ, ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം, ടോയ്‌ലറ്റുകൾ എന്നിവിടങ്ങളിൽ ശുചിത്വമില്ലെങ്കിൽ വൻതുക പിഴയീടാക്കും. ഉപഭോക്താക്കൾക്കും പരാതിപ്പെടാനുള്ള അവസരമുണ്ടാകും. മിന്നൽ പരിശോധനകളും ഉണ്ടാവും.