ആലുവ: മൂന്ന് കേസുകളിലായി അന്യസംസ്ഥാനക്കാരിൽ നിന്ന് ഒന്നര കിലോയിലധികം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. ബംഗാൾ സ്വദേശികളായ ഹബീബുൾ റഹ്മാൻ (25), നൂർത്താജ് ഹൽദാർ (22), ആയുസുൾ ഇസ്ലാം (26) എന്നിവരാണ് ആലുവ എക്‌സൈസിന്റെ പിടിയിലായത്. വില്പനക്കായി അന്യസംസ്ഥാനത്ത് നിന്ന് കടത്തികൊണ്ടുവന്നതാണ് കഞ്ചാവെന്ന് എക്സൈസ് സംഘം പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ഡി. സതീശന്റെ നേതൃത്വത്തിൽ ഉപഭോക്താക്കൾ എന്ന വ്യാജേന ഇവരെ സമീപിച്ചാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താനും കഞ്ചാവ് കൊണ്ടുനടന്ന് വില്പന നടത്താനും ഉപയോഗിച്ച ബൈക്കും കഞ്ചാവ് വിറ്റുകിട്ടിയ 2400 രൂപയും കണ്ടെടുത്തു. ഏറെ നാളായി ഇവർ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ എന്ന ലേബലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകയ്ക്കെടുത്ത് ബംഗാളിൽ നിന്ന് കഞ്ചാവ് കുറഞ്ഞ വിലയ്ക്ക് വാങ്ങി ചെറുപൊതികളിലാക്കിയാണ് വില്പന നടത്തിയിരുന്നത്.
പ്രിവന്റീവ് ഓഫീസർമാരായ പി.കെ. ഗോപി, എസ്. ബാലു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എസ്. ബസന്ത് കുമാർ, എം.എ. അരുൺകുമാർ, സജോവർഗീസ്, എം.എ. ധന്യ, ബിജുപോൾ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.