അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം കരസ്ഥമാക്കി യു.എ.ഇ. എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ പഠനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. നിലവിൽ സ്വിറ്റ്സര്‍ലന്റ്, ഓസ്‍ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളാണ് യു.എ.ഇക്ക് മുകളിലുളളത്. നേരത്തെയുണ്ടായിരുന്നതിൽ നിന്നും പത്ത് സ്ഥാനങ്ങൾ മുകളിലേക്ക് കയറിയാണ് ഈ ഗർഫ് രാഷ്ട്രം മുന്നേറ്റം നടത്തിയത്.
വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇരുപതിനായിരത്തിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ നിന്നുമാണ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയത്. യു.എ.ഇയിൽ സർവേയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രവാസികളും (82 ശതമാനം) അടുത്ത പന്ത്രണ്ട് മാസത്തിൽ ജീവിതം വീണ്ടും സുസ്ഥിരവും സാധാരണവുമാകുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ലോകം മുഴുവൻ മഹാമാരിയുടെ പിടിയിൽ അമർന്നതിന്റെ ആഘാതത്തിൽ നിന്നും മുക്തമായിട്ടില്ലാത്ത വേളയിലാണ് ഇത്തരമൊരു പ്രതികരണം ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
യു.എ.ഇയിലെ ജീവിത നിലവാരമാണ് പ്രവാസികളെ ഉദ്ദേശിച്ചതിലും കൂടുതൽ കാലം അവിടെ താമസിക്കാൻ പ്രേരിപ്പിക്കുന്നത്. യു.എ.ഇയിലെ മിക്ക പ്രവാസികളും (86 ശതമാനം) പറയുന്നത് അവരുടെ മൊത്തത്തിലുള്ള ജീവിതനിലവാരം അവരുടെ മാതൃരാജ്യത്തേക്കാൾ മികച്ചതാണെന്നാണ്. 11 ശതമാനം പേർ മാത്രമാണ് കൊവിഡ് കാരണം യു.എ.ഇയിൽ താമസിക്കാനുള്ള പദ്ധതി മാറ്റിയതായി പറഞ്ഞത്.
യു.എ.ഇ.യുടെ പുരോഗതി ആ രാജ്യത്തെ അവരുടെ ഭവനമാക്കുന്ന അനേകർക്ക് ആകർഷകമാണെന്ന് പഠനം പറയുന്നു. അവരുടെ വരുമാനം (56 ശതമാനം) മെച്ചപ്പെടുത്തുക, കരിയറിൽ (49 ശതമാനം) മുന്നേറുക, ജീവിത നിലവാരം (43 ശതമാനം) മെച്ചപ്പെടുത്തുക എന്നിവയാണ് യു.എ.ഇയിലേക്ക് പോകാൻ പ്രവാസികൾ തിരഞ്ഞെടുത്ത മൂന്ന് കാരണങ്ങളായി പഠനം കണ്ടെത്തിയത്.
യു.എ.ഇയിൽ പ്രതികരിച്ചവരിൽ 53 ശതമാനം പേരും അവരുടെ വരുമാനത്തിൽ വർദ്ധനവും മെച്ചപ്പെട്ട തൊഴിൽ-ജീവിത സന്തുലനവും (57 ശതമാനം) പ്രതീക്ഷിക്കുന്നു. ആഗോള തലത്തില്‍ പോലും ഇത് ശരാശരി 35 ശതമാനമായിരിക്കുമ്പോഴാണ് യു.എ.ഇയില്‍ 53 ശതമാനം പേരും ഇത്തരമൊരു പ്രതികരണം നടത്തിയത്. മെച്ചപ്പെട്ട ജീവിത നിലവാരത്തിന് പുറമേ, 80 ശതമാനം പേരും തങ്ങളുടെ കുട്ടികൾക്ക് യു.എ.ഇയിൽ വിവിധ സംസ്‍കാരങ്ങളുമായി ഇടപഴകാനും തുറന്ന മനഃസ്ഥിതിയോടെ ജീവിക്കാനും സാധിക്കുന്നതായി അഭിപ്രായപ്പെട്ടു. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ബഹ്റെെനും ഖത്തറും എട്ടും പത്തും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.