road-

തിരുവനന്തപുരം: ബൈപ്പാസിൽ ഈഞ്ചയ്ക്കൽ മുതൽ പരുത്തിക്കുഴി വരെയുള്ള റോഡ് ദേശീയപാതാ അതോറിട്ടി അധികൃതർ അടച്ചതോടെ ഈഞ്ചയ്ക്കലിലെ ഗതാഗതക്കുരുക്ക് ഇരട്ടിയായി. തിങ്കളാഴ്ച വൈകിട്ടോടെ പെട്ടെന്നാണ് റോഡ് അടച്ചത്. ഇതോടെ ഒരു വശത്തുള്ള ഗതാഗതം മുഴുവൻ സർവീസ് റോഡുവഴിയായി.

വീതി കുറഞ്ഞ സർവീസ് റോഡിൽ നിലവിൽ ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. ഇന്നലെ അവധി ദിവസമായിട്ടും സർവീസ് റോഡിൽ സിഗ്നൽ കാത്ത് വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. പ്രവൃത്തിദിനമായ ഇന്ന് പൊലീസ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇവിടെ ഗതാഗതം താറുമാറാകുമെന്നുറപ്പാണ്. ബൈപ്പാസിലെവിടെയോ പൈപ്പ് പൊട്ടിയതാണ് റോഡ് അടയ്ക്കാൻ കാരണമെന്നാണ് ദേശീയപാതാ അതോറിട്ടി അധികൃതർ പറയുന്നത്. രണ്ട് ദിവസമായിട്ടും പൈപ്പ് പൊട്ടിയതെവിടെയെന്ന് കണ്ടുപിടിച്ചിട്ടില്ല. അത് കണ്ടെത്തിക്കഴിഞ്ഞാൽ രണ്ട് ദിവസത്തിനകം ഗതാഗതം പൂർവസ്ഥിതിയിലാകുമെന്നും അധികൃതർ പറയുന്നു. അതുവരെ വാഹനങ്ങളെല്ലാം ഈഞ്ചയ്ക്കൽ കടക്കാൻ 10 മുതൽ 20 മിനിട്ട് വരെ കാത്തുകിടക്കേണ്ടിവരുമെന്ന് സാരം.

മഴ പെയ്താൽ കുഴയും

മഴ പെയ്താൽ മുട്ടത്തറയിലെ സർവീസ് റോഡിലൂടെ വാഹനം ഓടിച്ചുപോകാൻ കഴിയാത്തവിധം വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തപ്പോൾ ബൈപ്പാസിലേക്കും വെളളക്കെട്ട് നീണ്ടതാണ്. ഈ സാഹചര്യത്തിൽ സർവീസ് റോഡിലൂടെ മാത്രം വാഹനങ്ങൾ കടത്തിവിടുന്നത് അപകടമുണ്ടാക്കുമെന്നും വിമർശനമുണ്ട്.

കാത്ത് കിടക്കാനും ടോൾ

തിരുവല്ലത്ത് ടോൾ കൊടുത്ത് കടന്നുവരുന്ന വാഹനങ്ങളാണ് സർവീസ് റോഡിലെ കുരുക്കിൽപ്പെടുന്നത്. ടോൾ പ്ലാസ കഴിഞ്ഞ രണ്ട് കിലോമീറ്റർ എത്തും മുമ്പെയാണ് റോഡ് അടച്ചിരിക്കുന്നത്. ഈഞ്ചയ്ക്കൽ കഴിഞ്ഞ് നഗരത്തിലേക്ക് പ്രവേശിക്കുന്നവർക്ക് പിന്നെ ബൈപ്പാസ് ഉപയോഗിക്കേണ്ട ആവശ്യവുമില്ല. ബൈപ്പാസ് പണി പൂർത്തിയാകും മുമ്പേ ടോൾ പിരിക്കുന്നതിനെതിരെ സമരം നടത്തിയ രാഷ്ട്രീയ പാർട്ടിക്കാർ പിൻവാങ്ങിയതിനെ തുടർന്നാണ് ടോൾ പിരിവ് ആരംഭിച്ചത്. റോഡ് അടച്ച സാഹചര്യത്തിൽ ടോൾ പിരിവ് നടത്താൻ പാടില്ലെന്നാണ് വാഹന ഉടമകളുടെ ആവശ്യം.