ee

ചീട്ട് വായിച്ചെടുത്തു
അക്ഷരം മറന്നട്ടില്ല
ഓർമ്മക്ക് തെളിമയുണ്ട്

പുഴയിലാ മീൻ
പൊടുന്നനെ താഴുമ്പോൾ
തൊണ്ടക്കുഴിയിൽ
പ്രണയം മറഞ്ഞ
അതേ ശബ്‌ദം

കടവിൽ
മാക്കാൻ തവളയുടെ അനക്കം
പേറ്റ് നോവിന്റെ
കരച്ചിലിൽ
തിരിച്ചറിഞ്ഞത്
ഇന്നും ഓർമ്മയുണ്ട്

വെള്ളുത്ത ജുബ്ബ മാറ്റി
നീല ഷർട്ടിട്ട
മകനെന്ന് പറയുന്നയാൾ
നീലാണ്ടൻ മാമനല്ലേ ?
അതേ കണ്ണുകൾ
അതേ ശാസന.

ഇടക്ക് ഇറങ്ങി
എങ്ങോട്ടോ പോകുന്നെന്ന് !
പള്ളിക്കൂടത്തിലേക്ക്
വൈകിയാൽ
ഗംഗാധരൻ മാഷിന്റെ
ചൂരൽ കഷായത്തിൻ
കയ്പ്പിറക്കണം.

തെക്കേ തൊടിയിലെ
ചന്ത്രക്കാരന്റെ സ്വാദ്
കുളിർത്ത് പെയ്ത മഴ
കളിവഞ്ചി
മഞ്ചാടിക്കുരു
വളപ്പൊട്ട്
ചുവന്ന പട്ടുപാവാട
ഉമ്മുക്കുലുസുവിന്റെ
കൂട്ടുപുരികം
മീൻകാരന്റെ കൂവൽ
അമ്മിണി ടീച്ചറുടെ
ഉരുണ്ട കണ്ണട
തേവരുടെ ആറാട്ട്
ചന്ദനകുറിയുടെ നനവ്
നെറ്റിയിൽ തെളിയുന്നു.

അച്‌ഛൻ മരിച്ചെന്നോ?
അമ്മ പോയെന്നോ?
നിറഞ്ഞ് നിൽക്കുന്നു
കാട്ട് ചെമ്പകം
പൂത്തപോലെ

ഓർമ്മ മറയുന്നില്ല
കുറയാൻ
വല്ല മരുന്നുമുണ്ടോ?