മുംബയ്: ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാസ്ക് ഊരാൻ ആവശ്യപ്പെട്ട മാദ്ധ്യമപ്രവർത്തകർക്ക് കൊവിഡിനെ കുറിച്ച് ക്ലാസെടുത്ത് ബോളിവുഡ് സുന്ദരി ജാൻവി കപൂർ. വിദേശത്ത് അവധിക്കാലം ചെലവഴിച്ച ശേഷം മുംബയിൽ മടങ്ങിയെത്തിയ ജാൻവി കപൂറിനെ കാത്ത് വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർമാരാണ് താരത്തിന്റെ നാവിന്റെ ചൂട് അറിഞ്ഞത്. അച്ഛൻ ബോണി കപൂറിനോടൊപ്പം നടന്നു വന്നിരുന്ന ജാൻവി ഫോട്ടോഗ്രാഫർമാർക്കു വേണ്ടി ആദ്യം പോസ് ചെയ്തിരുന്നു. മാസ്ക് ഊരാനുള്ള അവരുടെ ആവശ്യം ജാൻവി നിരാകരിച്ചെങ്കിലും അച്ഛൻ ബോണി കപൂർ അതിനോടകം തന്റെ മാസ്ക് ഊരിയിരുന്നു. എന്നാൽ ഇത് വിലക്കിയ ജാൻവി ബോണി കപൂറിനെകൊണ്ട് മാസ്ക് തിരിച്ചു വയ്പ്പിച്ചു.
പേടിക്കേണ്ട കാര്യമില്ലെന്നും മാസ്ക് ഊരിയാലും ഒന്നു സംഭവിക്കില്ലെന്ന ഫോട്ടോഗ്രാഫർമാരുടെ ഇടയിൽ നിന്നുള്ള കമന്റ് ഇഷ്ടപ്പെടാത്ത ജാൻവി മാസ്ക് ഊരിയാൽ പലതും സംഭവിക്കുമെന്നും ദയവു ചെയ്ത് തെറ്റായ കാര്യങ്ങൾ പറഞ്ഞു പരത്തരുതെന്നും ഫോട്ടോഗ്രാഫർമാരോട് ആവശ്യപ്പെട്ടു.