ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വകവരുത്തി. കൊല്ലപ്പെട്ടവരിൽ ഒരാൾ ആദിൽ അഹ്‌നാനി എന്ന തീവ്രവാദിയാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. 2020 മുതൽ കാശ്മീരിലെ തീവ്രവാദപ്രവർത്തനങ്ങളിൽ ഇയാൾ സജീവമായിരുന്നെന്നും കഴിഞ്ഞ വർഷം പുൽവാമയിൽ ഒരു ദിവസവേതന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായിരുന്നെന്ന് കാശ്മീർ ഐ ജി വിജയ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഷോപ്പിയാൻ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിസങ്കേതം കണ്ടെത്തിയത്. തുടന്ന് നടന്ന് ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയായിരുന്നു. രണ്ടാഴ്ചക്കിടെ വിവിധ ഏറ്റുമുട്ടലുകളിലായി 15 ഭീകരരെയാണ് ഇന്ത്യയുടെ സുരക്ഷാ സേന വകവരുത്തിയത്.