തിരുവനന്തപുരം: നിരോധിത പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമാക്കാൻ കോർപ്പറേഷൻ ഒരുങ്ങുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിലച്ച പരിശോധനകളാണ് പുനരാരംഭിക്കുന്നത്. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും 60 ജി.എസ്.എമ്മിൽ (ഗ്രാം പേർ സ്‌ക്വയർ മീറ്റർ) കുറഞ്ഞ നോൺ - വൂവൺ ബാഗുകൾക്കും നേരത്തെ തന്നെ കേരളത്തിൽ നിരോധനമുണ്ട്. കേന്ദ്ര സർക്കാർ ഈ മാസം മുതലാണ് ഇവയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കൊവഡിനെ തുടർന്ന് നിരോധനം കർശനമായി നടപ്പാക്കാനാകാത്ത സ്ഥിതിയായിരുന്നു. കൊവിഡിന് ശമനം ഉണ്ടായതോടെ പരിശോധനകൾ കർശനമാക്കണമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് സർക്കാർ ഈയിടെ കർശന നിർദേശം നൽകിയിരുന്നു.
ആക്ഷൻ പ്ളാനുമായി നഗരസഭ
ഘട്ടം ഘട്ടമായി നിരോധനം ഫലപ്രദമായി നടപ്പാക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നഗരസഭ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതേസമയം, നിരോധനം നടപ്പാക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധിക്കുന്ന പ്ളാസ്റ്റിക്കിന് പകരം സംവിധാനം വ്യാപകമാകാൻ സമയമെടുക്കുമെന്ന കാരണമാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
തുണി സഞ്ചിയെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന നോൺ - വൂവൺ കാരി ബാഗുകൾ,പോളി പ്രൊപ്പിലീനും കാത്സ്യം കാർബണേറ്റും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇവ മണ്ണിൽ പൂർണമായി അലിഞ്ഞുചേരില്ലെന്ന് മാത്രമല്ല പുനരുപയോഗവും സാദ്ധ്യമാകില്ല. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെല്ലാം അടുത്ത ജൂലായ് മുതൽ രാജ്യമാകെ പൂർണനിരോധനം വരികയാണ്. കേരളത്തിൽ 2020 ജനുവരി ഒന്നു മുതലാണ് സമ്പൂർണ പ്ലാസ്‌റ്റിക് നിരോധനം നിലവിൽ വന്നത്.
ഉപയോഗിച്ചാൽ വൻ തുക പിഴ
അടുത്ത ആഴ്ച മുതൽ നഗരസഭയുടെ സ്‌ക്വാഡുകൾ എല്ലാ വ്യവസായ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിരോധിത പ്ളാസ്റ്റിക് ഉപയോഗിച്ചാൽ ആദ്യ തവണ താക്കീത് നൽകും. പിന്നീടും ആവർത്തിച്ചാൽ നിരോധിത ഉൽപന്നങ്ങൾ അടക്കം കണ്ടുകെട്ടും. വീണ്ടും ആവർത്തിക്കുന്ന സ്ഥിതിയുണ്ടായാൽ വൻ തുക പിഴ ചുമത്തും.
തലസ്ഥാനത്തെ പ്രതിദിന
ഖരമാലിന്യക്കണക്ക്
ഇങ്ങനെ (ടണ്ണിൽ)
ആകെ: 353
പഴം, പച്ചക്കറി: 204.5
മത്സ്യം, ഇറച്ചി: 17.50
പ്ളാസ്റ്റിക്: 21
പേപ്പർ: 14
ലെതർ: 10.50
ടെക്‌സ്‌റ്റൈൽ: 10.50
റബർ: 10.50
ലോഹങ്ങൾ, തടി, ഗ്ളാസ്: 24
മറ്റുള്ളവ: 40.50