തിരുവനന്തപുരം: കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് നിരവധിപ്പേരുടെ വിശപ്പകറ്റിയ കുടുംബശ്രീയുടെ തലസ്ഥാനത്തെ രണ്ടാമത്തെ റസ്‌റ്റോറന്റ് ഓൺ വീൽസ് തമ്പാനൂരിൽ തുടങ്ങി. ജനങ്ങൾക്ക് തനത് രുചിയും ആരോഗ്യപ്രദവുമായ ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണിത്.
പിങ്ക് കഫേ
കുടുംബശ്രീയുടെ റസ്റ്റോറന്റ് ഓൺ വീൽസ് സംവിധാനമാണ് പിങ്ക് കഫേ എന്നറിയിപ്പെടുന്നത്. ആദ്യ പിങ്ക് കഫേ കിഴക്കേകോട്ടയിൽ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇത് സൂപ്പർഹിറ്റായി മാറിയതോടെയാണ് മറ്റൊരെണ്ണം കൂടി തുടങ്ങാൻ കുടുംബശ്രീ തീരുമാനിച്ചത്. തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിലെ ഉപയോഗശൂന്യമായ ബസിൽ ഇനി മുതൽ രുചിയൂറും വിഭവങ്ങൾ വിളമ്പുക. രാവിലെ ആറുമുതൽ രാത്രി 10 വരെയാണ് കെ.എസ്.ആർ.ടി.സി ടെർമിനലിലെ കഫേയുടെ പ്രവർത്തനം. കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടത്തിലാണ് പിങ്ക് കഫേ സജ്ജീകരിച്ചിരിക്കുന്നത്.
ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ, പൊതിച്ചോറ്, മീൻകറി, ചിക്കൻ തുടങ്ങീ മറ്റ് വിഭവങ്ങളും ഇവിടെ ലഭിക്കും. കുടുംബശ്രീയുടെ കർഷക സംഘങ്ങളിൽ നിന്നുള്ള പച്ചക്കറിയും കോഴി ഫാമുകളിൽ നിന്നുള്ള മാംസവുമാണ് ഉപയോഗിക്കുക. ഓരോ ഭക്ഷണശാലയിലും പത്ത് പേർക്ക് വീതം തൊഴിൽ ലഭിക്കും. ഭക്ഷണശാലയാക്കി ഒരുക്കുന്നതിന് ഒരു ബസിന് ആറു ലക്ഷം രൂപയാണ് ചെലവിടുക.
അടുക്കള ഒരുക്കുന്നതിനായി 2.1 ലക്ഷം രൂപയാണ് ചെലവായത്. ഓരോ ബസിനും ഒരു ലക്ഷം രൂപ വീതം കുടുംബശ്രീ മുടക്കി. കൂടാതെ ഒരു ലക്ഷം നിക്ഷേപമായും നൽകും. മൂന്ന് വർഷത്തേക്ക് മാസം 20,000 രൂപാ വീതം വാടകയിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് നൽകും. ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം 22,000 രൂപ കഫേയിൽ നിന്ന് ലഭിച്ചിരുന്നു. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ വരുമാനവും കൂടിയെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ആർ. ഷൈജു പറഞ്ഞു.
പത്ത് പേർക്ക് ഒരേസമയം
ഒരേസമയം പത്ത് പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് ബസിൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വയനാട്ടിലെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനത്തിൽ പരിശീലനം നേടിയ അഞ്ച് വനിതകളാണ് കഫേയുടെ നേതൃത്വം വഹിക്കുന്നത്. കുടുംബശ്രീയുടെ കാറ്ററിംഗ് ചുമതലയുള്ള ഏജൻസിയുടെ പ്രതിനിധി കഫേയുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. ആവശ്യമായ എല്ലാ സാധനങ്ങളും സൗകര്യങ്ങളും ഒരുക്കി നൽകുന്നതും ഈ പ്രതിനിധി ആയിരിക്കും.