afghan-volleyball-team-

കാബൂൾ : അഫ്ഗാൻ വനിതാ ദേശീയ ടീമിന്റെ ഭാഗമായ ജൂനിയർ വോളിബോൾ താരത്തെ താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തലവെട്ടി മാറ്റിയ നിലയിലുള്ള യുവതിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്റെ ടീമിലെ അംഗത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പരിശീലകനാണ് വിദേശ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തിയത്. മഹജബിൻ ഹക്കിമി എന്ന വനിതാരത്തിനെ ഒക്ടോബർ ആദ്യവാരമാണ് കൊലപ്പെടുത്തിയത്, എന്നാൽ സംഭവം പുറത്ത് പറയരുതെന്ന് കുടുംബാംഗങ്ങളെ തീവ്രവാദികൾ ഭീഷണിപ്പെടുത്തി. മഹജബിന്റെ ദുർഗതിയറിഞ്ഞ സഹതാരങ്ങളെല്ലാം ഇപ്പോൾ ഒളിവിലാണ്.

ഗനി സർക്കാരിന്റെ തകർച്ചയ്ക്ക് മുമ്പ് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബിനുവേണ്ടിയും മഹജബിൻ കളിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ താരങ്ങൾ ഒളിവിൽ കഴിയുകയായിരുന്നു. ഇവരിൽ രണ്ട് കളിക്കാർ രാജ്യത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഭരണം ഏറ്റെടുത്തതോടെ താലിബാൻ വനിതാ കായികതാരങ്ങളെ തിരിച്ചറിയാനും വേട്ടയാടാനും ആരംഭിച്ചു. 1978ലാണ് അഫ്ഗാൻ ദേശീയ വനിതാ വോളിബോൾ ടീം രൂപീകരിച്ചത്.

കഴിഞ്ഞ ആഴ്ച ഫിഫയും ഖത്തർ സർക്കാരും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ദേശീയ ഫുട്‌ബോൾ ടീമംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറോളം വനിതാ ഫുട്‌ബോൾ കളിക്കാരെ വിജയകരമായി ഒഴിപ്പിച്ചിരുന്നു. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ കായിക സാമൂഹിക മേഖലകളിലെല്ലാം സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അഫ്ഗാൻ പെൺകുട്ടികളെ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിലക്കിയതും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.