car-flood

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കേരളം പോലുള്ള സംസ്ഥാനത്ത് വെള്ളം കയറി വാഹനം കേടാകുന്ന സംഭവങ്ങൾ നിരവധിയാണ്. വാഹനം വെള്ളത്തിൽ മുങ്ങി പോയാൽ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

വാഹനത്തിനുള്ളിൽ വെള്ളം കയറി എന്ന് തോന്നിയാൽ ഒരു കാരണവശാലും വാഹനം സ്റ്റാർട്ട് ചെയ്യാതിരിക്കുകയാണ് ആദ്യം വേണ്ടത്. സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ എൻജിനുള്ളിൽ വെള്ളം കയറി പിന്നീട് ഒരിക്കലും നന്നാക്കാൻ സാധിക്കാത്ത വിധത്തിൽ കാർ നശിക്കാൻ സാദ്ധ്യതയുണ്ട്.

കാർ എത്രത്തോളം ആഴത്തിൽ മുങ്ങി എന്ന് കണ്ടെത്തുകയാണ് അടുത്ത പടി. മിക്കവാറും അവസരങ്ങളിൽ വെള്ളം കയറിയ ഉയരത്തിൽ അഴുക്കും ചെളിയും പുരണ്ടിരിക്കും. വെള്ളം എത്രത്തോളം കയറി എന്ന് മനസിലാക്കുന്നത് ഇൻഷുറൻസ് കമ്പനിയെ സമീപിക്കുമ്പോൾ ഉപകാരപ്പെടും. മിക്ക ഇൻഷുറൻസ് കമ്പനികളും വാഹനത്തിന്റെ ഡാഷ്ബോർഡ് വരെ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അതിനെ ടോട്ടൽ ലോസ് എന്ന രീതിയിൽ ആയിരിക്കും പരിഗണിക്കുക.

car-flood11

അടുത്തപടിയായി ഇൻഷുറൻസ് കമ്പനിയെ ബന്ധപ്പെടുകയും വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ എന്നും ഉറപ്പുവരുത്തുക. സാധാരണഗതിയിൽ പ്രകൃതിക്ഷോഭങ്ങൾ മൂലം വാഹനത്തിന് ഉണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് ലഭിക്കുമെങ്കിലും വെള്ളപ്പൊക്കത്തിൽ വാഹനം മുങ്ങിയാൽ അത് ഉടമസ്ഥന്റെ അനാസ്ഥയെന്ന ഗണത്തിൽ ഉൾപ്പെടുത്തി ക്ലെയിം നിരസിക്കാനും സാദ്ധ്യതയുണ്ട്.

വാഹനത്തിന്റെ എൻജിൻ ഓയിൽ അടക്കമുള്ള വിവിധ ഓയിൽ ടാങ്കുകൾ പരിശോധിക്കുകയാണ് അടുത്ത ഘട്ടം. ഇതിന് ഏറ്റവും എളുപ്പമായ മാർഗം എന്ന് പറയുന്നത് ഓയിലിന്റെ ലെവൽ പരിശോധിക്കുക എന്നതാണ്. ഓയിൽ ലെവൽ പതിവിനെക്കാൾ ഉയർന്നിട്ടുണ്ടെങ്കിൽ ടാങ്കിനുള്ളിൽ വെള്ളം കയറിയെന്നാണ് അ‌ർത്ഥം. പുതുതലമുറ വാഹനങ്ങളിലെല്ലാം എൻജിൻ ഓയിലും ബ്രേക്ക് ഫ്ലൂയി‌‌‌ഡും അടക്കമുള്ള കാനുകൾ സുരക്ഷിതമായി വെള്ളം കയറാത്ത രീതിയിൽ അടക്കാനുള്ള സംവിധാനം ഉണ്ട്. എന്നാൽ പഴക്കമേറിയ മാരുതി 800, ഇൻഡിക്ക മുതലായ വാഹനങ്ങളിൽ ഈ സംവിധാനം ഉണ്ടാകണമെന്നില്ല.

car-rain

വണ്ടിയുടെ ഇലക്ട്രിക്കൽ സംവിധാനങ്ങൾ എല്ലാം സൂക്ഷ്മമായി പരിശോധിക്കുക. എല്ലാം വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കുക. അതിനു ശേഷം ടയറുകൾ പരിശോധിക്കുക. ടയറുകളുടെ ഇടയിൽ ചെളി പറ്റിപ്പിടിച്ചിരിക്കാനുള്ള സാദ്ധ്യത വളരെകൂടുതലാണ്. ഈയൊരു അവസ്ഥയിൽ വാഹനം ഓടിക്കുന്നത് ജീവന് പോലും അപകടമാണ്.

കഴിയുമെങ്കിൽ ഇൻഷുറൻസ് കമ്പനിയുമായി സംസാരിച്ച് ടോട്ടൽ ലോസായി ക്ലെയിം ചെയ്യുക. പ്രത്യക്ഷത്തിൽ വലിയ പ്രശ്നം ഒന്നും ഇല്ലെങ്കിൽ പോലും വെള്ളം ഉള്ളിൽ കയറിയിട്ടുണ്ടെങ്കിൽ ഭാവിയിൽ വാഹനത്തിന് പല കേടുപാടുകളും സംഭവിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ വാഹനം ഒഴിവാക്കി പുതിയത് എടുക്കുന്നതാണ് എപ്പോഴും നല്ലത്.