congress-mla-beat-a-man

പഞ്ചാബ്: പത്താൻകോട്ട് ജില്ലയിലെ ഭോവയിലെ ഒരു പൊതുപരിപാടിക്കിടെ, ചോദ്യം ചോദിച്ച യുവാവിനെ അടിച്ച് കോൺഗ്രസ് എം.എൽ.എ ജോഗീന്ദർ പാൽ.

സാധാരണക്കാരനെ എം.എൽ.എ ആക്രമിക്കുന്ന വീഡിയോ പുറത്തായതോടെ ഭരണകക്ഷിയായ കോൺഗ്രസിന് തലവേദനയായി. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്നതിനിടെയാണിത്.

ഭോവയിൽ ചെറിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ജോഗീന്ദർ.

ഗ്രാമത്തിൽ അദ്ദേഹം മേൽനോട്ടം വഹിച്ച പരിപാടികളെക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു യുവാവ് എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു. പാൽ തുടക്കത്തിൽ യുവാവിനെ നോക്കുകയും അയാളെ അവഗണിച്ചുകൊണ്ട് തന്റെ പ്രസംഗം തുടരുകയും ചെയ്തു.

യുവാവിന്റെ അരികിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ അയാളെ കൈപിടിച്ച് തള്ളി പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

എന്നാൽ പൊലീസുകാരന്റെ കണ്ണുവെട്ടിച്ച് പാലിനടുത്തെത്തിയ യുവാവ് 'നിങ്ങൾ ശരിക്കും മണ്ഡലത്തിൽ എന്താണ് ചെയ്തത്?' എന്ന് എം.എൽ.എയോട് ചോദിക്കുകയായിരുന്നു.

ആദ്യം ശാന്തമായി പാൽ ആ വ്യക്തിയോട് മുന്നിലേക്ക് വരാൻ പറയുകയും മൈക്ക് കൈമാറുകയും ചെയ്തു. അതിനുശേഷം എം.എൽ.എ യുവാവിന്റെ മുഖത്തടിക്കുകയും തലയിൽ പലതവണ മർദ്ദിക്കുകയും ചെയ്തു. പിന്നാലെ പൊലീസുകാരനും എം.എൽ.എയുടെ കൂടെയുള്ള പത്തോളം പേരും ചേർന്ന് യുവാവിനെ ക്രൂരമായി തല്ലിചതച്ചു.

എം.എൽ.എ ഈ രീതിയിൽ പെരുമാറാൻ പാടില്ലായിരുന്നുവെന്നും ജനപ്രതിനിധികൾ ജനങ്ങളെ സേവിക്കേണ്ടവരാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി സുഖ്ജീന്ദർ സിംഗ് രന്ധാവ പറഞ്ഞു.

രൂക്ഷമായ വിമർശനമാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജോഗീന്ദർ പാലിനും കോൺഗ്രസിനുമെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്.