വാഷിംഗ്ടൺ: പൊതുവെ സെലിബ്രിറ്റികൾ ഒരിക്കൽ ഉപയോഗിച്ച വസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കാറേയില്ല. എന്നാൽ, ഹോളിവുഡ് സൂപ്പർനായിക ആഞ്ജലീന ജൂലി അങ്ങനെയല്ല. നടിയുടെ പുതിയ ചിത്രമായ ഏറ്റേണൽസിന്റെ പ്രീമിയറിൽ ആഞ്ജലീനയുടെ പഴയ വസ്ത്രങ്ങൾ ധരിച്ചാണ് പെൺമക്കളായ ഷിലോയും സഹാറയും അമ്മയ്ക്കൊപ്പമെത്തിയത്.
ഒലിവിയർ റൂസ്റ്റീനിംഗിന്റെ പുതിയ കളക്ഷനിൽ നിന്നുള്ള ഒലിവ് ഗ്രീൻ ഗൗണിൽ എത്തിയ ആഞ്ജലീനയേക്കാൾ മാദ്ധ്യമശ്രദ്ധ നേടിയത് മക്കളാണ്.
2014ലെ ഓസ്കർ പുരസ്കാര ചടങ്ങിൽ ആഞ്ജലീന ധരിച്ച തിളങ്ങുന്ന ഗൗണാണ് സഹാറ ധരിച്ചത്. ജൂലായിൽ വനിതാ സംരംഭകരുടെ ചടങ്ങിൽ ആഞ്ചലീന ധരിച്ച പോപ്ലിൻ വസ്ത്രമണിഞ്ഞാണ് ഷിലോ എത്തിയത്. തന്റെ പഴയ ഓസ്കർ വസ്ത്രങ്ങളും മാറ്റം വരുത്തിയവയുമൊക്കെയാണ് മക്കൾ ചടങ്ങിനായി ധരിച്ചതെന്ന് ആഞ്ജലീന പറഞ്ഞു.
വസ്ത്രങ്ങൾ പുനരുപയോഗിക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്തയാളാണ് താനെന്ന് ആഞ്ജലീന നേരത്തേ പറഞ്ഞിട്ടുണ്ട്. ഗുണമേന്മയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നയാളാണ് താനെന്നും മരണം വരെ അവ ഉപയോഗിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആഞ്ജലീന പറഞ്ഞിരുന്നു.