kk

തിരുവനന്തപുരം: കരാറുകാരെ കൂട്ടി എം.എൽ.എമാർ മന്ത്രിമാരുടെ ഓഫീസുകളില്‍ വരരുതെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഭിപ്രായത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. വിഷയത്തില്‍ സി.പി.എമ്മിൽ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നും ഇത് പുതിയ നിലപാട് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും റിയാസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

എം.എല്‍.എമാര്‍ക്കൊപ്പമോ എം.എല്‍.എമാരുടെ ശുപാര്‍ശയിലോ കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരുന്നത് ശരിയല്ലെന്നും അത് തെറ്റായ പ്രവണത ആണെന്നും റിയാസ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാടിനെ സി.പി.എം പാർലമെന്ററി പാർട്ടി യോഗത്തിൽ എം.എൽ.എമാർ വിമർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എല്‍.ഡി.എഫ് നിലപാടാണ് താന്‍ വ്യക്തമാക്കിയതെന്നും റിയാസ് വ്യക്തമാക്കിയിരുന്നു.