kohli

ദുബായ്: രണ്ടാം സന്നാഹത്തിലും ജയം നേടി ടീം ഇന്ത്യ ട്വന്റി-20 ലോകകപ്പിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഇന്ത്യ ഇന്നലെ ആസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ 9 വിക്കറ്റിന്റെ ഗംഭീര ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (153/1)​. രോോഹിത് ശർമ്മയായിരുന്നു ഇന്നലെ ഇന്ത്യയെ നയിച്ചത്. ടോസ് നേടിയ ആസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പവർപ്ലേയിൽ പന്തെടുത്ത ആർ.അശ്വിൻ ഡേവിഡ് വാർണറേയും (1)​,​ മിച്ചൽ മാർഷിനേയും (0)​ രണ്ടാമത്തെ ഓവറിലെ അവസാന പന്തുകളിൽ വീഴ്ത്തി കംഗാരുക്കളെ ഞെട്ടിച്ചു. ജഡേജ ഫിഞ്ചിനേയും (8)​ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ 11/3 എന്ന നിലയിൽ പ്രതിസന്ധിയിലായി ഓസീസിനെ സ്റ്റീവ് സ്മിത്ത് അർദ്ധസെഞ്ചുറിയുമായി (48 പന്തിൽ 57)​ കരകയറ്റുകയായിരുന്നു. ഗ്ലെൻ മാക്സ്‌വെൽ (28 പന്തിൽ 37)​,​ മാർക്കസ് സ്റ്റോയിനിസ് (25 പന്തിൽ 41)​ എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. രാഹുൽ ചഹാറും ഭുവനേശ്വറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയ്ക്ക് രോഹിതും (41 പന്തിൽ 60 റിട്ടയേർഡ്)​ രാഹുലും (39)​ തകർപ്പൻ തുടക്കമാണ് നൽകിയത്. സൂര്യകുമാർ യാദവ് (27 പന്തിൽ 38)​,​ ഹാർദ്ദിക് പാണ്ഡ്യ (8 പന്തിൽ 14)​ ‍എന്നിവർ പുറത്താകാതെ നിന്നു.

ബൗളറായി കൊഹ്‌ലി

ഇന്നലെ ഇന്ത്യ ആറാം ബൗളറായി പരീക്ഷിച്ചത് സാക്ഷാൽ വിരാട് കൊഹ്‌ലിയെ. ഓസീസ് ഇന്നിംഗ്സിന്റെ ഏഴാം ഓവറിലാണ് മീഡിയം പേസർ കൊഹ്‌ലി ബാളെടുത്തത്. 2 ഓവർ എറിഞ്ഞ കൊഹ്‌ലി 12 റൺസ് വഴങ്ങി. വിക്കറ്റില്ല.‍ ആറാം ബൗളിംഗ് ഓപ്ഷൻ തേടുന്നുണ്ടെന്ന് രോഹിത് പറഞ്ഞിരുന്നു.ബാറ്റർമാരിൽ നിന്ന് പാർട്ടൈം ബൗളർമാരെ കണ്ടെത്താനുള്ള ശ്രമമാണ്.മെന്റർ ധോണിയാണൊ കൊഹ്‌ലി ബൗൾചെയ്തതിന് പിന്നിലെന്നും ചർച്ചകൾ ഉയരുന്നുണ്ട്..