jacquilin

ന്യൂഡൽഹി: നടി ലീന മരിയ പോൾ ഉൾപ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്‌ത് ഇ.ഡി. നടിയെ ചോദ്യം ചെയ്യുന്നത് ഏഴര മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. വൈകിട്ട് 3:30ഓടെയാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. 200 കോടി കള‌ളപ്പണം വെളുപ്പിച്ച കേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനും ഭാര്യയും നടിയുമായ ലീന മരിയ പോളിനുമൊപ്പമിരുത്തി ജാക്വിലിന്റെ മൊഴി രേഖപ്പെടുത്താനാണ് ഇ.ഡി ശ്രമമെന്നാണ് സൂചന.

മുൻപ് ഓഗസ്‌റ്റ് മാസത്തിലും ജാക്വിലിൻ ഫെർണാണ്ടസ് (36) എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരായിരുന്നു. അന്ന് നടിയുടെ മൊഴി ഏജൻസി രേഖപ്പെടുത്തി. നടിയുമായി ബന്ധപ്പെട്ട ചില പണമിടപാടുകളിൽ വ്യക്തത വരുത്താനാണ് ഇ.ഡി ഇന്ന് ചോദ്യം ചെയ്യുന്നത്. ഇതേ കേസിൽ നടിയും നർത്തകിയുമായ നോറ ഫത്തേരി കഴിഞ്ഞയാഴ്‌ചയാണ് ഇ.‌‌ഡിയ്‌ക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയത്.

സുകേഷ് ചന്ദ്രശേഖറും ലീനയും മറ്റൊരു തട്ടിപ്പ്കേസിൽ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കെയാണ് ഈ കേസിലും അറസ്‌റ്റിലായത്. ഓഗസ്‌റ്റിൽ സുകേഷിന്റെ ബംഗ്ളാവ് റെയ്ഡ് നടത്തി പിടിച്ചെടുത്ത ഇ.ഡി ഇവിടെ നിന്നും കണക്കിൽ പെടാത്ത 82.5 ലക്ഷം രൂപയും ലക്ഷ്വറി കാറുകളും പിടിച്ചെടുത്തു.