kk

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ ഇന്ത്യക്കാരായ പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനമായി ലഭിച്ചത് ഏഴരക്കോടിയോളം രൂപ . ഷാര്‍ജയില്‍ താമസിക്കുന്ന രണ്ട് വയസുകാരനായ ക്ഷാന്‍ യോഗേഷ് ഗോലയ്ക്കാണ് ഇന്ന് നടന്ന മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ക്ഷാന്റെ മാതാപിതാക്കളായ യോഗേഷും ധനശ്രീയും ചേര്‍ന്നാണ് മകന്റെ പേരിൽ സെപ്‍റ്റംബര്‍ 25ന് ടിക്കറ്റ് എടുത്തത്.

മുംബയ് സ്വദേശികളായ ഇവർ അവധിക്ക് ശേഷം ദുബായിലേക്ക് മടങ്ങിയെത്തിയ സമയത്തായിരുന്നു 2033-ാം നമ്പര്‍ ടിക്കറ്റെടുത്തത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്താണ് യോഗേഷ് ജോലി ചെയ്യുന്നത്. യോഗേഷ് രണ്ടര വര്‍ഷം മുമ്പാണ് യു.എ.ഇയിലെത്തിയത്. ഇതാദ്യമായാണ് താന്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ ടിക്കറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മകന്‍ ജനിക്കുന്നതിന് ആറ് മാസം മുമ്പാണ് യുഎഇയിലെത്തിയത്. മകനൊപ്പം കൈവന്ന വിജയം ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഇരുവരും പ്രതികരിച്ചു.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കുന്ന 184-ാമത്തെ ഇന്ത്യക്കാരാണ് ക്ഷാന്റെ കുടുംബം. ക്ഷാന് പുറമെ ഇന്ത്യക്കാരനായ ജോസ് ആന്റോയ്‍ക്കും ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഹാര്‍ലി ഡേവിഡ്‍സണ്‍ പാന്‍അമേരിക്ക RA 1250 മോട്ടോര്‍ബൈക്ക് സമ്മാനമായി ലഭിച്ചു. സെപ്‍തംബര്‍ 29ന് എടുത്ത 0544 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസിലെ സമ്മാനം ലഭിച്ചത്.