തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത.മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പാലക്കാടും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശം നൽകി. ഇന്നലെ പലയിടത്തും കനത്ത മഴയായിരുന്നു.മലപ്പുറത്തും പാലക്കാട്ടും ഉരുള്‍പൊട്ടി. മൂന്നാർ അഞ്ചാംമൈലിൽ മണ്ണിടിച്ചിലുണ്ടായി.
കല്ലാർ അണക്കെട്ട് തുറന്നു.രണ്ട് ഷട്ടറുകൾ 10 സെന്റീമീറ്റർ വരെ ഉയർത്തി.കല്ലാർ, ചിന്നാർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു.മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും.
തൃശൂർ ജില്ലകളിലെ ഡാമുകളിലും ജലനിരപ്പ് കൂടി. പീച്ചി, പെരിങ്ങൽക്കുത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കരുവന്നൂർ, കരുമാലി മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി.