ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി ആർ. എസ്. എസ്, ഡി.വൈ. എഫ്. ഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിൽ രണ്ട് ആർ. എസ്. എസ് പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ഡി. വൈ. എഫ്. ഐ പ്രവർത്തകനും പരിക്കേറ്റു.
ആർ.എസ്.എസ് ശാഖ കാര്യവാഹ് എം. ഗിരീഷ്, പള്ളിപ്പാട് മണ്ഡൽ കാര്യവാഹ് സനൽ എന്നിവർക്കാണ് വെട്ടേറ്റത്. ഡി. വൈ. എഫ്. ഐ പള്ളിപ്പാട് മേഖല വൈസ് പ്രസിഡന്റ് സുൽഫിത്തിന് തലയ്ക്കു പരിക്കേറ്റു. കാലിനു ഗുരുതരമായി വെട്ടേറ്റ ഗിരീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും സനലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും സുൽഫിത്തിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പള്ളിപ്പാട് നടുവട്ടം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതൽ ആർ. എസ്. എസ്, ഡി. വൈ. എഫ്. ഐ പ്രവർത്തകർ തമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് വില്ലജ് ഓഫീസർ, ഹരിപ്പാട് സി.ഐ എന്നിവർ സ്ഥലത്തെത്തി ഇവരുമായി സംസാരിച്ചു ഫുഡ് കമ്മിറ്റിയ്ക്ക് രൂപം നൽകി. എല്ലാ പാർട്ടി പ്രവർത്തകർക്കും കൃത്യമായ പ്രാതിനിധ്യം നൽകിയാണ് കമ്മറ്റി രൂപീകരിച്ചത്. തുടർന്ന് ഭക്ഷണ വിതരണം കഴിഞ്ഞു മടങ്ങുമ്പോഴാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്. ഹരിപ്പാട് പൊലീസ് കേസെടുത്തു.