chinnakkannu-

ചെന്നൈ: അഞ്ഞൂറ്,ആയിരം രൂപ നോട്ടുകൾ നിരോധിച്ച് 5 വർഷത്തിനു ശേഷവും നോട്ടുകൾ അസാധുവാക്കിയത് അറിയാതെ 65,000 പഴയ രൂപ നോട്ടുകൾ മാറ്റാൻ സഹായം തേടുകയാണ് എഴുപത് വയസ്സുള്ള അന്ധനായ ചിന്നക്കണ്ണ്. തെരുവുകളിൽ ജീവിതം നയിച്ച അദ്ദേഹം ഇപ്പോൾ നിരാശയുടെ പടുക്കുഴിലാണ്. കൃഷ്ണഗിരിയിലെ പാവക്കൽ പഞ്ചായത്തിലെ തന്റെ ചിന്നഗൗണ്ടനൂർ ഗ്രാമത്തിലും പരിസരത്തും ഭിക്ഷ തേടി തെരുവ് ജീവിതത്തിൽ നിന്നുമുണ്ടാക്കിയ സമ്പാദ്യമായിരുന്നു ആ പണം.

നോട്ട് അസാധുവാക്കിയത് ഞായറാഴ്ച വരെ ചിന്നക്കണ്ണ് കേട്ടിട്ടില്ല. പണത്തിന്റെ ആവശ്യം വരുമ്പോൾ ഈ രൂപ കാണാറില്ല, ചില സമയം രൂപയുടെ കാര്യം മറന്നു പോകും, കഴിഞ്ഞ ദിവസം അദ്ദേഹം നോട്ടുകൾ കണ്ടെത്തിയപ്പോയാണ് നോട്ടുകൾ അസാധുവാക്കിയതിനെക്കുറിച്ച് അറിയുന്നത്. നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് അറിഞ്ഞില്ലന്നും ആരും പറഞ്ഞില്ലെന്നും തന്റെ ജീവിത സമ്പാദ്യം നഷ്ടപ്പെട്ടതിന്റെ ദുരവസ്ഥ വിവരിച്ച് തനിക്ക് പുതിയ നോട്ടുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ചിന്നക്കണ്ണിന്റെ കൈയ്യിൽ ഇനി 300 രൂപ മാത്രമാണ് ഉള്ളത്. ഈ രൂപ കൂടി തീർന്നാൽ എങ്ങനെ ഭക്ഷണം കണ്ടെത്തുമെന്നതിൽ ആശങ്കയിലായിരുന്നു അദ്ദേഹം. വൃദ്ധന്റെ ഈ ദുരവസ്ഥ കണ്ട കണ്ണയ്യനാണ് അദ്ദേഹത്തെ കളക്ടറേറ്റിൽ എത്തിച്ചത്.

പരാതി റിസർവ് ബാങ്കിന് കൈമാറാൻ ജില്ലാ റവന്യൂ ഓഫീസർ ജില്ലാ ലീഡ് ബാങ്ക് മാനേജർക്ക് നിവേദനം കൈമാറിയെങ്കിലും കറൻസി കൈമാറ്റം സാധ്യമല്ലെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ആർ‌ബി‌ഐ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം കറൻസി കൈമാറ്റത്തിന് ഇനി യാതൊരു സാധ്യതയുമില്ല, 2017 മാർച്ച് 31 ആയിരുന്നു അവസാന തീയതി. ജില്ലാ ലീഡ് ബാങ്ക് പരാതി ആർബിഐക്ക് കൈമാറുമെന്നും അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് എന്ന് ബാങ്ക് മാനേജർ പറഞ്ഞു.