tata-vistara-

മുംബയ് : എയർ ഇന്ത്യയെ വൻതുക മുടക്കി ഏറ്റെടുത്തതിലൂടെ ലോക ശ്രദ്ധ ആകർഷിച്ച ടാറ്റാ സൺസിന് ആത്മവിശ്വാസം ഉയർത്തി വിസ്താരയുടെ പ്രകടന റിപ്പോർട്ട്. 2021 സാമ്പത്തിക വർഷത്തിൽ വിസ്താരയുടെ നഷ്ടം മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം സർവീസുകൾ വെട്ടിക്കുറച്ചിട്ടും ഈ നേട്ടം കൈവരിക്കാനായതാണ് കമ്പനിക്ക് നേട്ടമാവുന്നത്. ടാറ്റ സൺസും സിംഗപ്പൂർ എയർലൈനും തമ്മിലുള്ള സംയുക്ത സംരംഭമാണ് വിസ്താര. ചെലവുകൾ പരമാവധി കുറച്ചതിലൂടെയും വിസ്താരയ്ക്ക് നഷ്ടം കുറയ്ക്കാൻ സഹായമായി. കഴിഞ്ഞ സാമ്പത്തിക വർഷം 1,813.38 കോടി രൂപയായിരുന്നു വിസ്താരയുടെ നഷ്ടം, ഇത് ഇപ്പോൾ 1,611.57 കോടിയായിട്ടാണ് കുറഞ്ഞത്. എന്നാൽ ഇക്കാലയളവിൽ വരുമാനം 53 ശതമാനം ഇടിഞ്ഞ് 2,243.49 കോടി രൂപയായി ചുരുങ്ങിയിട്ടുമുണ്ട്.

കൊവിഡ് കാലത്ത് രണ്ട് മാസത്തോളമാണ് വിമാന സർവീസുകൾ നിർത്തി വച്ചത്, എന്നാൽ കഴിഞ്ഞ വർഷത്തോടെ നിയന്ത്രിതമായ അളവിൽ പുനരാരംഭിക്കാൻ സർക്കാർ അനുവദിച്ചിരുന്നു. ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചിട്ടും അന്താരാഷ്ട്ര സർവീസുകളിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. അതേസമയം ഇക്കാലയളവിൽ വിസ്താരയുടെ മറ്റ് വരുമാനം 112.61 കോടി രൂപയിൽ നിന്ന് 487.37 കോടി രൂപയായി ഉയർന്നു.

രാജ്യത്ത് മുപ്പതോളം സ്ഥലങ്ങളിലേക്കാണ് വിസ്താര ആഭ്യന്തര സർവീസുകൾ നടത്തുന്നത്. ബോയിംഗ് 7879 വിമാനം ഉപയോഗിച്ച് അന്താരാഷ്ട്ര സേവനങ്ങൾ 2020 ഓഗസ്റ്റോടെയാണ് പുനരാരംഭിച്ചത്. ഡൽഹി-ലണ്ടൻ, ഡൽഹി- ഫ്രാങ്ക്ഫർട്ട്, ലണ്ടൻ-മുംബയ് തുടങ്ങിയ റൂട്ടുകളിലും സർവീസ് ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളും ഇപ്പോൾ പൂർണതോതിലായിട്ടുണ്ട്. രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനുമുമ്പ് വിസ്താര പ്രതിദിനം 200 ആഭ്യന്തര സർവീസുകളും പത്ത് പ്രതിദിന അന്താരാഷ്ട്ര സർവീസുകളും നടത്തിയിരുന്നു. 3,790 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്, ഇവരിൽ 42 ശതമാനവും സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ട്. കമ്പനിയുടെ 51 ശതമാനം ഓഹരി ടാറ്റ സൺസിന്റെയും 49 ശതമാനം സിംഗപ്പൂർ എയർലൈൻസിന്റെയും നിയന്ത്രണത്തിലാണ്.