ധാക്ക : നവരാത്രി ആഘോഷങ്ങൾക്കിടെ ബംഗ്ലാദേശിൽ പൂജ പന്തലുകൾ വ്യാപകമായി ആക്രമിക്കുകയും, ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും ആക്രമിച്ച് അഗ്നിക്കിരയാക്കിയ സംഭവം മുൻകൂട്ടി പദ്ധതിയിട്ടത് പ്രകാരമായിരുന്നു എന്ന് സൂചന. ഹിന്ദുക്കളുടെ ആരാധനാ സ്ഥലത്ത് വിശുദ്ധ ഖുർആനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം അക്രമപ്രവർത്തനങ്ങൾ ആരംഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ ഇക്ബാൽ ഹുസൈൻ എന്ന മുപ്പത്തിയഞ്ചുകാരനായ യുവാവാണ് മതഗ്രന്ഥം കൊണ്ട് വച്ചതെന്ന് തെളിഞ്ഞിരിക്കുകയാണ്. ദുർഗാപൂജ നടക്കുന്ന വേദിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്യാനായില്ല.
ഒക്ടോബർ 13 ന് ഇക്ബാൽ ഒരു പള്ളിയിൽ നിന്ന് വിശുദ്ധ ഗ്രന്ഥം എടുത്ത് ഹിന്ദു ദേവാലയത്തിലെത്തുകയും ഹനുമാന്റെ പ്രതിമയുടെ താഴെ വയ്ക്കുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട യുവാവിന് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് ദിവസങ്ങൾ നീണ്ടു നിന്ന കലാപത്തിൽ പൊലീസ് 41 പേരെ അറസ്റ്റ് ചെയ്യുകയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതേസമയം കലാപത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ ഇക്ബാൽ മയക്കുമരുന്നിന് അടിമയാണെന്നും കുടുംബാംഗങ്ങളെ പല തരത്തിൽ പീഡിപ്പിക്കാറുണ്ടെന്നും കുടുംബം പറയുന്നു. കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും കുടുംബം അഭാപ്രായപ്പെട്ടു. ഏതെങ്കിലും ഗ്രൂപ്പുകൾ ഇക്ബാലിനെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും ഇയാളുടെ സഹോദരൻ റൈഹാൻ ആരോപിക്കുന്നു.
കോമിലയിലെ കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമൽ പറഞ്ഞു. ഇടയ്ക്കിടെ ഒളിച്ചിരിക്കുന്ന സ്ഥലങ്ങൾ മാറ്റിക്കൊണ്ടിരുന്നുവെങ്കിലും മുഖ്യപ്രതി ഉടൻ അറസ്റ്റിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വെളിപ്പെടുത്തി. രാജ്യത്തുണ്ടായ കലാപത്തിൽ പത്തോളം ഹൈന്ദവ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ജനക്കൂട്ടം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 150 ഓളം പേർക്ക് പരിക്കേൽക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.