xu-jiayin

ബീജിംഗ്: ചൈനയുടെ സാമ്പത്തിക വളർച്ചയിൽ രണ്ട് പതിറ്റാണ്ടോളം നിർണായക പങ്ക് വഹിച്ച സൂ ജിയാൻ ഇന്ന് തന്റെ എവർഗ്രാൻഡെയെന്ന സാമ്രാജ്യത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ചൈനയിലെ അതിസമ്പന്നൻ ഇപ്പോൾ തകർച്ചയുടെ വക്കിലായിരിക്കുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രിയപ്പെട്ടവനും ആഡംബര ബ്രാൻഡുകളുടെയും ഉല്ലാസബോട്ടുകളുടെയും കടുത്ത ആരാധകനുമായിരുന്നു ഈ അറുപത്തിമൂന്നുകാരൻ. ബ്ലൂംബർഗിന്റെ ശതകോടീശ്വരൻമാരുടെ സൂചിക പ്രകാരം 4300 കോടി രൂപയാണ് നാല് വർഷം മുൻപ് സൂ ജിയാന്റെ സമ്പത്ത്. എന്നാൽ എവർഗ്രാൻഡെയുടെ സാമ്പത്തിക ബാധ്യത സൂ ജിയാന്റെ സമ്പത്തിന്റെ മൂല്യം 800 കോടിയായി കുറച്ചു.

കടുത്ത ദാരിദ്യത്തോട് പടവെട്ടി കോടീശ്വരനായി വളർന്നുവന്ന വ്യക്തിയാണ് സൂ ജിയാൻ. തന്റെ ഒന്നാമത്തെ വയസിൽ അമ്മയെ നഷ്ടപ്പെട്ട സൂ ജിയാൻ കടുത്ത പട്ടിണിയിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. അക്കാലത്ത് തന്റെ ഏറ്റവും വലിയ സ്വപ്നം നല്ലൊരു ജോലി കണ്ടെത്തി നല്ല ഭക്ഷണം കഴിക്കുകയെന്നതായിരുന്നുവെന്ന് സൂ ജിയാൻ വെളിപ്പെടുത്തിയിട്ടുണ്ട്. 1976ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം ഉപരിപഠനത്തിനായി മെറ്റലർജി പഠിക്കുകയും സംസ്ഥാനത്തെ സ്റ്റീൽ ഫാക്ടറിയിൽ ജോലിനോക്കുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം ഷെൻസനിലേയ്ക്ക് പോകുകയും 1966ൽ എവർഗ്രാൻഡെ സ്ഥാപിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് എവർഗ്രാൻഡെയുടെ അതിശക്തമായ വളർച്ചയ്ക്കാണ് ചൈന സാക്ഷിയായത്. 2009 ൽ 900 കോടി രൂപയുടെ മൂല്യത്തിൽ എവർഗ്രാൻഡെ ചൈനയിലെ ഏറ്റവും വലിയ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയായും സൂ ജിയാൻ പ്രദേശത്തെ സമ്പന്നനായും വളർന്നു.

2010ൽ സൂ തകർച്ചയിലായിരുന്ന ഗോങ്സോ ഫുട്ട്ബോൾ ടീമിനെ വിലയ്ക്ക് വാങ്ങുകയും ഗോങ്സോ എവർഗ്രാൻഡെ എന്ന് പേര് നൽകുകയും ചെയ്തു. 600 കോടിയുടെ ഉല്ലാസനൗകയുടെ ഉടമ കൂടിയാണ് സൂ ജിയാൻ. ഒരു സ്വകാര്യ ജെറ്റും സ്വന്തമായുള്ള അദ്ദേഹത്തിന് ഫ്രഞ്ച് ബ്രാൻഡ് ഹെർമിസ് പോലുള്ള ആഡംബര ലേബലുകളോടുള്ള പ്രിയവും ഏറെ പ്രസിദ്ധമാണ്. എന്നാൽ എവർഗ്രാൻഡെയുടെ നേട്ടങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയോടും, സംസ്ഥാനത്തോടും, സമൂഹത്തോടും കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു സൂ ജിയാൻ എപ്പോഴും പ്രതികരിച്ചിരുന്നത്. എന്നാലിപ്പോൾ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് സൂ ജിയാൻ.